മകളെ കാമുകന്‍ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്നു ; സംഭവം അറിഞ്ഞ പിതാവ് ആത്മഹത്യ ചെയ്തു

ചെന്നൈയില്‍ കോളജ് വിദ്യാര്‍ഥിനിയെ സുഹൃത്ത് ട്രെയിനിന് മുന്നില്‍ തള്ളിയിട്ടുകൊന്ന സംഭവം അറിഞ്ഞ പിതാവ് ആത്മഹത്യ ചെയ്തു. വ്യാഴാഴ്ചയാണ് കോളജ് വിദ്യാര്‍ഥിനിയായ സത്യ എന്ന 22കാരി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പിതാവ് മാണിക്കത്തെ ഹൃദയാഘാതം എന്ന് കരുതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷേ പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ ഇദ്ദേഹം വിഷം കഴിച്ചിരുന്നുവെന്ന് കണ്ടെത്തി. മദ്യത്തോടൊപ്പം വിഷം ചേര്‍ത്ത് കഴിക്കുകയായിരുന്നു. അതാണ് മരണകാരണമെന്നാണ് പൊലീസ് തന്നെ വ്യക്തമാക്കുന്നത്.

വ്യാഴാഴ്ച രാവിലെ ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലാണ് സംഭവം. ചെന്നൈ ഗിണ്ടി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി സത്യയാണ് (20) കൊല്ലപ്പെട്ടത്. ചെന്നൈ ആദംപാക്കം സതീഷാണ് (23) പ്രതി. ഇരുവരും പതിവായി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍നിന്ന് സംസാരിക്കുന്നത് പതിവാണ്. വ്യാഴാഴ്ച രാവിലെ ഇവര്‍ തമ്മില്‍ വഴക്കിടുകയും അതുവഴിവന്ന ഇലക്ട്രിക് ട്രെയിനിന് മുന്നിലേക്ക് സത്യയെ തള്ളിയിട്ടശേഷം സതീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. സത്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചെന്നൈ ത്യാഗരായര്‍ നഗറിലെ സ്വകാര്യ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ് സത്യ. മാണിക്കം-രാമലക്ഷ്മി ദമ്പതികളുടെ മകളാണ്.

ഈയിടെയായി സതീഷുമായി സംസാരിക്കാന്‍ സത്യ താല്‍പര്യം കാണിക്കാത്തതാണ് കൃത്യം നടത്താന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. സതീഷ് നിരന്തരം ശല്യപ്പെടുത്തുന്നതായി ആരോപിച്ച് സത്യയുടെ രക്ഷിതാക്കള്‍ ഒരാഴ്ച മുമ്പ് മാമ്പലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സതീഷും സത്യയും തമ്മില്‍ വഴക്കുണ്ടായതെന്ന് കരുതുന്നു.