‘ദൈവം മറുപടി തരും’; പരാതിക്കാരിക്ക് എല്‍ദോസിന്റെ വാട്സ്ആപ്പ് സന്ദേശം
പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍ സോഷ്യല്‍ മീഡിയയില്‍ സജീവം. പരാതിക്കാരിക്ക് എംഎല്‍എ വാട്സ്ആപ്പ് സന്ദേശം അയച്ചു. ഒരു കുറ്റവും ചെയ്യാത്ത തന്നെ ചതിച്ചു, കേസില്‍ അതിജീവിക്കുമെന്നാണ് വാട്സ്ആപ്പിലൂടെ സന്ദേശം അയച്ചത്. ഒളിവിലിരുന്ന് കൊണ്ടാണ് പരാതിക്കാരിക്ക് എല്‍ദോസ് വാട്സ്ആപ്പിലൂടെ സന്ദേശം അയച്ചത്. ഇന്നലെ പുലര്‍ച്ചെ 2.10നാണ് പരാതിക്കാരിയുടെ അടുത്ത സുഹൃത്തിന്റെ നമ്പറിലേക്ക് എല്‍ദോസ് സന്ദേശം അയച്ചത്. താന്‍ വിശ്വസിക്കുന്ന ദൈവം തക്ക മറുപടി നല്‍കുമെന്നാണ് സന്ദേശത്തില്‍ എല്‍ദോസ് പറയുന്നത്.
”എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശു കൃസ്തു പകരം തക്കതായ മറുപടി തരും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കുക. ഞാന്‍ അതിജീവിക്കും. കര്‍ത്താവെന്റെ കൂടെയുണ്ടാകും.” പരാതിക്കാരിയുടെ സുഹൃത്താണ് കേസിലെ പ്രധാന സാക്ഷി. അതേസമയം എംഎല്‍എയുടെ രാജി ആവശ്യപ്പെടാതെ സിപിഎം. കോണ്‍ഗ്രസിന്റെ ധാര്‍മികത അനുസരിച്ച് തീരുമാനമെടുക്കട്ടെ എന്നാണ് സിപിഎം സെക്രട്ടേറിയറ്റിന്റെ നിലപാട്. വിഷയം ചര്‍ച്ച ചെയ്ത് സിപിഎം സെക്രട്ടേറിയറ്റ് എംഎല്‍എ രാജി വെച്ചില്ലെങ്കില്‍ രാഷ്ട്രീയ ആയുധമാകുമെന്ന് വിലയിരുത്തി.
അതേസമയം, എല്‍ദോസ് കുന്നിപ്പിള്ളില്‍ എംഎല്‍എ ഒളിവില്‍ തുടരുകയാണ്. എംഎല്‍എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. മൂന്ന് ദിവസമായി പൊതുപരിപാടികളും റദ്ദാക്കിയിരിക്കുകയാണ്. എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ എവിടെയാണെന്ന് പാര്‍ട്ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ വ്യക്തതയില്ല. എംഎല്‍എയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് സ്പീക്കറുടെ അനുമതി വേണ്ടെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. എല്ലാവരും നിയമത്തിന് മുന്നില്‍ തുല്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.