മോദി ഭരണത്തില്‍ രാജ്യത്ത് പട്ടിണിക്കാരുടെ എണ്ണം കൂടി എന്ന് റിപ്പോര്‍ട്ട് ; പാക്കിസ്ഥാനും നേപ്പാളിനും പിന്നില്‍ 107ാം സ്ഥാനത്ത്

പ്രതീകാത്മക ചിത്രം

മോദിയുടെ ഭരണത്തില്‍ രാജ്യത്ത് പട്ടിണി വര്‍ധിക്കുന്നു എന്ന് റിപ്പോര്‍ട്ട്. 121 രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചിക (GHI) 2022-ല്‍ 107-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ. 2021-ല്‍ ഇന്ത്യ 101-ാം സ്ഥാനത്തായിരുന്നു. അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവയ്ക്കും പിന്നിലാണ് ഇപ്പോള്‍ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം. ചൈന, തുര്‍ക്കി, കുവൈറ്റ് എന്നിവയുള്‍പ്പെടെ പതിനേഴു രാജ്യങ്ങള്‍ ജിഎച്ച്ഐ സ്‌കോര്‍ അഞ്ചില്‍ താഴെയായി ഒന്നാം റാങ്ക് പങ്കിട്ടു. പട്ടിണിയും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സിന്റെ വെബ്സൈറ്റ് ശനിയാഴ്ചയാണ് പട്ടിക പുറത്തുവിട്ടത്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ 8 വര്‍ഷത്തെ ഭരണത്തില്‍ 2014 മുതല്‍ രാജ്യത്തിന്റെ സ്‌കോര്‍ കൂടുതല്‍ മോശമാകുകയാണെന്ന് റിപ്പോര്‍ട്ട് ഉദ്ധരിച്ച് കോണ്‍ഗ്രസ് എംപി പി ചിദംബരം പറഞ്ഞു. ‘കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവ്, പട്ടിണി, വളര്‍ച്ചാ മുരടിപ്പ്, തുടങ്ങിയ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി എപ്പോഴാണ് അഭിസംബോധന ചെയ്യുക?’ എന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. ഐറിഷ് എയ്ഡ് ഏജന്‍സി കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗര്‍ ഹില്‍ഫും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ പട്ടിണിയുടെ അളവ് ‘ഗുരുതരമാണ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.

2021ല്‍ 116 രാജ്യങ്ങളില്‍ ഇന്ത്യ 101-ാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ പട്ടികയില്‍ 121 രാജ്യങ്ങള്‍ ഉള്ളപ്പോള്‍ അത് 107-ാം റാങ്കിലേക്ക് താഴ്ന്നു. 2000 ല്‍ 38.8 ആയിരുന്നത് 2014-നും 2022-നും ഇടയില്‍ 28.2 – 29.1 എന്ന റേഞ്ചിലേക്ക് ഇന്ത്യയുടെ GHI സ്‌കോറും കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ റിപ്പോര്‍ട്ടിനെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തത് എന്നാണ് വിശേഷിപ്പിച്ചത്. ആഗോള പട്ടിണി സൂചിക കണക്കാക്കാന്‍ ഉപയോഗിക്കുന്ന രീതി അശാസ്ത്രീയമാണെന്നും സര്‍ക്കാര്‍ ആരോപിച്ചിരുന്നു. അതേസമയം മോദിക്ക് മുന്‍പ് മന്‍മോഹന്‍ ഭരണകാലത്ത് ഇന്ത്യ 94 സ്ഥാനത്ത് ആയിരുന്നു.