എസ് എഫ് ഐ പ്രവര്‍ത്തകനെ മര്‍ദിച്ച എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളെ മര്‍ദിച്ച എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു. കോതമംഗലം സ്റ്റേഷനിലെ എസ് ഐ മഹീനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മാര്‍ ബസേലിയോസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റോഷന്‍ റെന്നിയെ എസ്.ഐ മാഹിന്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. റോഷന്റെ സുഹൃത്തിനെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയതിനെ തുടര്‍ന്ന് മറ്റ് സുഹൃത്തുക്കളുമായി കോതമംഗലം സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. സ്റ്റേഷന് അകത്തേക്ക് വലിച്ചുകയറ്റിയ ശേഷം ഇടത് കരണത്തും ചെവിയിലും ശക്തമായി മര്‍ദിച്ചെന്ന് വിദ്യാര്‍ഥി കോതമംഗലം എസ്.എച്ച്.ഒയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയ റോഷനെ ജാമ്യത്തില്‍ വിട്ടിരുന്നു. പിന്നീട് ചെവിയ്ക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോതമംഗലം സര്‍ക്കാര്‍ ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെന്നും പരാതിയില്‍ പറയുന്നു. ഹോട്ടല്‍ പരിസരത്ത് ബഹളം ഉണ്ടാക്കിയെന്നാരോപിച്ച് വിദ്യാര്‍ഥികളെ സ്റ്റേഷനിലെത്തിച്ചതെന്നാണ് പൊലീസ് വിശദീകരണം…എസ് എഫ് ഐ നേതാവല്ലേ എന്ന് ആക്രോശിച്ചാണ് പൊലീസ് മര്‍ദിച്ചതെന്ന് റോഷന്‍ പറയുന്നു. അകാരണമായി തന്നെ മര്‍ദ്ദിച്ച എസ്‌ഐക്ക് എതിരെ നടപടിയെടുക്കണമെന്നും റോഷന്‍ ആവശ്യപ്പെട്ടു.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പൊലീസ് പിടിച്ചുകൊണ്ടുപോയ മറ്റൊരു വിദ്യാര്‍ത്ഥിയെ അന്വേഷിച്ച് കോതമംഗലം പൊലീസ് സ്റ്റേഷനില്‍ എത്തിയ എസ് എഫ് ഐ കോതമംഗലം ലോക്കല്‍ സെക്രട്ടറിയെയാണ് പൊലീസ് മര്‍ദിച്ചത്. സ്റ്റേഷനകത്ത് വച്ച് വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. സംഭവത്തില്‍ എസ് ഐയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് എസ് എഫ് ഐ നേതൃത്വം രംഗത്തെത്തിയിരുന്നു.