ചരിത്രത്തിലാദ്യമായി ദേശീയ പതാക ഉയര്‍ത്തി സിപിഐയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം
ചരിത്രത്തിലാദ്യമായി ദേശീയ പതാക ഉയര്‍ത്തി സിപിഐയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം. പ്രായപരിധി അടക്കമുള്ള സംഘടന വിഷയങ്ങളിലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നടക്കുകയാണ്. കേരളത്തിലെ യുഡിഎഫ് ഘടക കക്ഷിയായ ഫോര്‍വേഡ് ബ്ലോക്കിന്റെ നേതാവ് ജി ദേവരാജന്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പങ്കെടുത്തു. ചരിത്രത്തിലാദ്യമായി സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് വിജയവാഡയിലെ ഗുരുദാസ് ദാസ് ഗുപ്ത നഗര്‍ വേദിയായി.മുതിര്‍ന്ന നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ എട്ടുകുറി കൃഷ്ണ മൂര്‍ത്തി ദേശീയ പതാകയും മുന്‍ ജനറല്‍ സെക്രട്ടറി ഡി.സുധാകര്‍ റെഡ്ഡി പാര്‍ട്ടി പതാകയും ഉയര്‍ത്തി.
ചൈന അടക്കം 16 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നുണ്ട്.ഉത്ഘാടന സമ്മേളനത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദിപങ്കര്‍ ഭട്ടാചര്യ, എന്നിവര്‍ക്കൊപ്പം ഫോര്‍ വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജനും ആശംസ അര്‍പ്പിച്ചു.ദേശീയ ഇടത് ഐക്യത്തിന്റ ഭാഗമായി ക്ഷണിച്ചിരുന്നെങ്കിലും ആര്‍എസ്പി പരിപാടിയില്‍ പങ്കെടുത്തില്ല. പ്രായപരിധി, യുവാക്കള്‍ക്കും, സ്ത്രീകള്‍ക്കും ഉള്ള പ്രതിനിത്യം തുടങ്ങി ദേശീയ കൗണ്‍സില്‍ നിര്‍ദേശങ്ങളില്‍ നിര്‍ണ്ണായകമായ ചര്‍ച്ചകള്‍ ഉച്ചയ്ക്ക് ശേഷം ആരംഭിക്കും.
വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണെന്നും കേരളത്തിലെ ഇടത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയും ആര്‍എസ്എസും നിരന്തര ശ്രമിക്കുന്നുവെന്നും സമ്മേളനത്തില്‍ പങ്കെടുത്ത സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു. രാജക്കൊപ്പം തന്നെ ഐക്യ ആവശ്യം യെച്ചൂരിയും ഉയര്‍ത്തി. എന്നാല്‍ തെരഞ്ഞെടുപ്പിനായുള്ള താല്‍ക്കാലിക ഐക്യം മാത്രമായി ഒതുങ്ങരുതെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ദേവരാജന്‍ പറഞ്ഞു. രാഷ്ട്രീയ പ്രമേയം, പ്രവര്‍ത്തന റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ഉള്‍പ്പെടെുയുള്ളവ ഉച്ചക്ക് ശേഷം അവതരിപ്പിക്കും. എഴുപത്തിയഞ്ച് വയസ് പ്രായപരിധി പാര്‍ട്ടിയില്‍ ഏര്‍പ്പെടുത്താന്‍ സമ്മേളനത്തില്‍ തീരുമാനിച്ചാല്‍ എഴുപത്തിയഞ്ച് കടന്നവരെ ഉന്നതാധികാര സമിതിയില്‍ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്. വൈകിട്ട് അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയം സംഘടന റിപ്പോര്‍ട്ട് അടക്കമുള്ളവയില്‍ വരും ദിവസങ്ങളില്‍ വിശദ ചര്‍ച്ചകളും നടക്കും.