ട്രാന്‍സ്ജെന്‍ഡര്‍ കാമുകിയുടെ പുതിയ കാമുകനെ യുവാവ് കുത്തിക്കൊന്നു
തന്നെ ചതിച്ചു മറ്റൊരാളുമായി ജീവിതം ആരംഭിച്ച ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ കാമുകനെ യുവാവ് കുത്തിക്കൊന്നു. അക്രമത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്കും കുത്തേറ്റു. പ്രതിയായ 35 കാരന്‍ അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ ഡല്‍ഹിയിലെ പഹാര്‍ഗഞ്ച് മേഖലയിലാണ് സംഭവം. ഗുഡ്ഡു കുമാര്‍ (33) എന്ന യുവാവാണ് മരിച്ചതെന്ന് പഹര്‍ഗഞ്ച് പൊലീസ് അറിയിച്ചു. കുത്തേറ്റ ട്രാന്‍സ്ജെന്‍ഡര്‍ കിന്നര്‍ സുനിത (22)യെ ഗുരുതരാവസ്ഥയില്‍ ലേഡി ഹാര്‍ഡിഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം സുനിത നേരത്തെ പ്രതി അനിലിനൊപ്പം താമസിച്ചിരുന്നു. ഇതിനിടയില്‍ 40,000 രൂപയുടെ ആഭരണങ്ങള്‍ വാങ്ങി നല്‍കി. എന്നാല്‍ പിന്നീട് അനിലിനെ ഉപേക്ഷിച്ച സുനിത ഗുഡ്ഡുവിനൊപ്പം ജീവിക്കാന്‍ തുടങ്ങി.
ഇത് അനിലിനെ ചൊടിപ്പിച്ചു. സുനിതയില്‍ നിന്ന് മാറി നില്‍ക്കാന്‍ ഗുഡുവിനോട് ആവശ്യപ്പെട്ടു. ഇതുകൂടാതെ സുനിതയോട് തന്റെ 40,000 രൂപ മടക്കി നല്‍കാനും പറഞ്ഞു. എന്നാല്‍ സുനിത ഇത് ചെവികൊണ്ടില്ല. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ സുനിതയുടെ താമസ സ്ഥലത്ത് എത്തിയ അനില്‍ ഇരുവരുമായും വഴക്കുണ്ടാക്കുകയും വഴക്കിനിടെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. മാരകമായി കുത്തേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഗുഡ്ഡു മരിച്ചതായി സ്ഥിരീകരിച്ചു. സുനിതയെ കൂടാതെ വേറെ രണ്ടു ട്രാന്‍സ്ജെന്‍ഡര്‍ യുവതികളും അക്രമം നടന്ന വീട്ടില്‍ ഉണ്ടായിരുന്നു. ഇവരാണ് പോലീസില്‍ വിവരം അറിയിച്ചത്.