ഹിന്ദി തെരിയാത് പോടാ ; പ്രതിഷേധവുമായി ഡിഎംകെ ഡല്‍ഹിയിലും
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഡിഎംകെ. കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങിയില്ലെങ്കില്‍ ‘ഹിന്ദി തെരിയാത് പോടാ’ പ്രചാരണവുമായി ഡല്‍ഹിയിലേക്ക് എത്തുമെന്ന് ഡിഎംകെ മുന്നറിയിപ്പ് നല്‍കി. ഡിഎംകെ യുവജന വിഭാഗം സെക്രട്ടറി ഉദയനിധി സ്റ്റാലിന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടന്ന പ്രതിഷേധത്തിന് പിന്നലെയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നാല്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു.
നീറ്റ് പൊതു പ്രവേശന പരീക്ഷ, കേന്ദ്ര സര്‍ക്കാരിന്റെ മറ്റ് നയങ്ങള്‍ എന്നിവക്കെതിരെയായിരുന്നു ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.
ഒരു രാഷ്ട്രം, ഒരു മതം, ഒരു ഭാഷ എന്ന കേന്ദ്ര സര്‍ക്കാര്‍ നയം 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ തുടക്കമാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തിയത് പോലെ 2024 തെരഞ്ഞെടുപ്പിലും പരാജയപ്പെടുത്തുമെന്നും ഉദയനിധി പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ഡിഎംകെ എപ്പോഴും നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി കോയമ്പത്തൂര്‍ ജില്ലയില്‍ നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് ഡിഎംകെ കോയമ്പത്തൂര്‍ അര്‍ബന്‍ ജില്ലാ സെക്രട്ടറി എന്‍ കാര്‍ത്തിക് പറഞ്ഞിരുന്നു. മുന്‍കാലങ്ങളില്‍ സംസ്ഥാന സ്വയംഭരണത്തിനും തമിഴ് ഭാഷയ്ക്കും ഭീഷണിയുണ്ടായപ്പോഴെല്ലാം ഡിഎംകെ അതിനെ ശക്തമായി എതിര്‍ത്തിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.