ഇലന്തൂരില്‍ നടന്നത് അവയവക്കടത്തോ…? ഷാഫിക്ക് പിന്നില്‍ വമ്പന്‍ സ്രാവുകളോ…? സംശയം ബലപ്പെടുന്നു

ഇലന്തൂരില്‍ നരബലിയുടെ മറവില്‍ നടന്നത് അവയവക്കടത്തോ…?. കേരളം ഞെട്ടിയ കേസില്‍ വഴിത്തിരിവെന്ന് സൂചന. കൊല്ലപ്പെട്ട സ്ത്രീകളില്‍ ഒരാളായ റോസ്ലിയുടെ മൃതദേഹത്തില്‍ കരളും വൃക്കയും ഉണ്ടായിരുന്നില്ല. ഇതാണ് സംശയം ബലപ്പെടാന്‍ കാരണം. യുവതികളെ കൊന്നത് അവയവ കച്ചവടത്തിന് ആണോയെന്ന സാധ്യത അന്വേഷണ സംഘം പരിശോധിക്കുന്നു. മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ ക്രിമിനല്‍ ബന്ധങ്ങളും മുന്‍കാല ഇടപാടുകളുമാണ് ഇത്തരം സാധ്യതകളിലേക്ക് അന്വേഷണ സംഘത്തെ എത്തിക്കുന്നത്. അവയവങ്ങള്‍ മുറിച്ചു മാറ്റിയ ശേഷം ഇവ പിന്നീട് കുഴിയില്‍ തന്നെ നിക്ഷേപിച്ചു എന്ന് പ്രതികളുടെ മൊഴി. നരബലിയുടെ ഭാഗമായാണ് അവയവങ്ങള്‍ മുറിച്ച് മാറ്റിയത് എന്ന് സംശയം. ആന്തരികാവയവങ്ങള്‍ വില്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചോയെന്നും അന്വേഷിക്കും.

നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലും പറമ്പിലും കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചിരുന്നു. ലൈല ഒഴികെ ഷാഫിയും ഭഗവല്‍ സിങ്ങും മനുഷ്യ മാംസം ഭക്ഷിച്ചതായി പ്രതികളുടെ മൊഴിയുണ്ട്. സ്ത്രീകളുടെ ആന്തരിക അവയവങ്ങളും മാറിടവും കുക്കറില്‍ വേവിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചതായി ലൈലയും വെളിപ്പെടുത്തി. ശാസ്ത്രീയ പരിശോധനയില്‍ വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ രക്തക്കറ കണ്ടെത്തി. കൊല്ലപ്പെട്ടവരുടെ മാംസം ദീര്‍ഘനാള്‍ ഫ്രിഡ്ജില്‍ വച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. 10 കിലോയോളം മനുഷ്യ മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം. ഇത് പിന്നീട് മറ്റൊരു കുഴിയില്‍ മറവു ചെയ്തതാണ് വിവരം. ഫ്രിഡ്ജില്‍ നിന്ന് ഷാഫിയുടെ വിരലടയാളവും കിട്ടി. ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ കൃത്യം നടന്ന വീട്ടിലും പറമ്പിലും വിശദമായ പരിശോധനയാണ് ശനിയാഴ്ച നടന്നത്.

മൃതദേഹം മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ച പൊലീസ് നായകളായ മായയേയും മര്‍ഫിയേയും എത്തിച്ചാണ് പരിശോധന നടത്തിയത്. നായകള്‍ അസ്വാഭാവികമായ രീതിയില്‍ മണം പിടിച്ച് നിന്ന സ്ഥലങ്ങള്‍ പൊലീസ് അടയാളപ്പെടുത്തി വച്ചിട്ടുണ്ട്. ഈ ഭാഗത്ത് കുഴിക്കാനാണ് നീക്കം. ഈ സ്ഥലങ്ങളില്‍ അസ്വാഭാവികമായ രീതിയില്‍ ചെടികളും നട്ടുവളര്‍ത്തിയിട്ടുണ്ട്. ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ സ്ത്രീയുടെ രൂപമുള്ള ഡമ്മി എത്തിച്ചും പരീക്ഷണം നടത്തിയിരുന്നു. കൊല്ലപ്പെട്ട സ്ത്രീകളുടേതെന്ന് സംശയിക്കുന്ന രക്തക്കറ, ശരീരഭാഗങ്ങള്‍, അടക്കം 40ലേറെ തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. ഇവ വിശദമായ പരിശോധനയ്ക്ക് അയക്കും. പത്മയെയും റോസ്ലിസിലിയെയും കൊലപ്പെടുത്താന്‍ കയറും കത്തിയും വാങ്ങിയ ഇലന്തൂരിലെ കടകളില്‍ എത്തിച്ചാകും ഭഗവല്‍ സിങ്ങിന്റെ ഇന്നത്തെ തെളിവെടുപ്പ്. പ്രതികളില്‍ നിന്ന് കൂടുതല്‍ സ്ത്രീകളെ ഉപദ്രവിച്ചതിന്റെ വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്ന് പ്രത്യേക സംഘം വ്യക്തമാക്കി.

അതേസമയം അവയവക്കടത്ത് നടന്നിട്ടുണ്ട് എങ്കില്‍ ഷാഫിക്ക് പിന്നില്‍ വന്‍ സംഘം തന്നെ കാണും എന്ന സംശയത്തിലാണ് പോലീസ്. വെറും ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാഫിക്ക് സോഷ്യല്‍ മീഡിയയില്‍ ഇത്രയും വിവരം എങ്ങനെ കിട്ടി എന്നതും സംശയകരമാണ്. വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിക്കാനും അവ നശിപ്പിച്ചു കളയാനും ഷാഫിക്ക് ആരുടെ എങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കാള്‍ വിളിക്കാന്‍ മാത്രമേ ഫോണ്‍ ഉപയോഗിക്കാന്‍ ഷാഫിക്ക് അറിയാമായിരുന്നുള്ളു എന്നാണ് സുഹൃത്തുക്കളും പറയുന്നത്.