നയന്‍താരയ്ക്ക് വേണ്ടി വാടക ഗര്‍ഭം ധരിച്ചത് ബന്ധുവായ മലയാളി യുവതിയെന്ന് റിപ്പോര്‍ട്ട്
നടി നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും വേണ്ടി വാടകഗര്‍ഭധാരണത്തിന് തയാറായത് നടിയുടെ ബന്ധുവായ മലയാളി യുവതിയാണെന്ന് റിപ്പോര്‍ട്ട്. അതേസമയം ജൂണിലെ വിവാഹം കഴിഞ്ഞു 4 മാസമാകും മുന്‍പ് ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായെന്ന വാര്‍ത്ത പുറത്തുവന്നതോടെ വാടകഗര്‍ഭധാരണ (സറഗസി) ഭേദഗതി നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ ലംഘിച്ചെന്ന ആരോപണം നടിക്ക് നേരെ ഉയര്‍ന്നിരുന്നു. ഇതിനു തങ്ങള്‍ 6 വര്‍ഷം മുന്‍പേ വിവാഹിതരായതാണെന്നും കഴിഞ്ഞ ഡിസംബറില്‍ തന്നെ വാടകഗര്‍ഭധാരണ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ നിയമലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്നുമാണ് നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും തമിഴ്‌നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നല്‍കിയത്.
ഒരുമിച്ചു ജീവിച്ചിരുന്ന ഇരുവരും ഈ ജൂണ്‍ 9നു നടന്ന വിപുലമായ ചടങ്ങിലാണ് വിവാഹിതരായത്. എന്നാല്‍, 2016ലേ കല്യാണം കഴിഞ്ഞിരുന്നുവെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടകഗര്‍ഭധാരണം തെരഞ്ഞെടുക്കാവൂ എന്നതടക്കമുള്ള കര്‍ശന ചട്ടങ്ങള്‍ ലംഘിച്ചെന്ന വിവാദത്തെ തുടര്‍ന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് സമിതി അന്വേഷണം ആരംഭിക്കുകയായിരുന്നു.എന്നാല്‍ ഈ വര്‍ഷം നിലവില്‍ വന്ന നിയമഭേദഗതി ജൂണ്‍ 22നാണു വിജ്ഞാപനം ചെയ്തതും പ്രാബല്യത്തിലായതും. അതിനു മുന്‍പേ വാടകഗര്‍ഭധാരണ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഇതു ബാധകമാകില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങളില്‍ വാസ്തവമില്ലെന്നും താരദമ്പതികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.