മുന്‍ ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി ; യുഎഇയില്‍ പ്രവാസിക്ക് ശിക്ഷ
മുന്‍ ഭാര്യയെ ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ദുബൈ ക്രിമിനല്‍ കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. ഇയാളുടെ മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും ശിക്ഷ അനുഭവിച്ച ശേഷം യുഎഇയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്നും 10,000 ദിര്‍ഹം തട്ടിക്കാന്‍ ആണ് പ്രതി ശ്രമിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് യുവതി ആദ്യം പരാതി നല്‍കിയത്. ഒരു അജ്ഞാത ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് തനിക്കൊരു സന്ദേശം ലഭിച്ചുവെന്നം 10,000 ദിര്‍ഹം നല്‍കിയില്ലെങ്കില്‍, മാന്യമല്ലാത്ത വസ്ത്രങ്ങള്‍ ധരിച്ച തന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെുടുത്തിയതായും യുവതി ആരോപിച്ചു. യുവതി ഉപയോഗിച്ചിരുന്ന ഒരു ഫോണ്‍ തനിക്ക് കിട്ടിയിട്ടുണ്ടെന്നായിരുന്നു അജ്ഞാതന്റെ ഭീഷണി.
ഇയാളുമായി സംസാരിക്കാന്‍ യുവതി ശ്രമിച്ചെങ്കിലും ഭീഷണി തുടര്‍ന്നു. പിന്നാലെ യുവതിയുടെ ചില സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇയാള്‍ ഫോട്ടോകള്‍ അയച്ചുകൊടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അജ്ഞാത ഫേസ്ബുക്ക് അക്കൗണ്ടിന് പിന്നില്‍ മറ്റാരുമല്ല തന്റെ മുന്‍ഭര്‍ത്താവ് തന്നെയാണെന്ന് യുവതിക്ക് മനസിലായത്. 2018ല്‍ വിവാഹമോചനം തേടിയപ്പോള്‍ യുവതിയുടെ ഫോണ്‍ ഇയാള്‍ കൈക്കലാക്കുകയായിരുന്നു. ഇതിലുണ്ടായിരുന്ന ചിത്രങ്ങളാണ് ഇയാള്‍ പ്രചരിപ്പിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഉദ്യോഗസ്ഥര്‍ പ്രതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ശാസ്ത്രീയ പരിശോധനയില്‍ ഇയാള്‍ തന്നെയാണ് കുറ്റം ചെയ്തതെന്ന് തെളിഞ്ഞപ്പോള്‍ ഫേസ്ബുക്ക് അക്കൗണ്ടും ചിത്രങ്ങള്‍ അയച്ച വാട്‌സ്ആപ് നമ്പറും തന്റേത് തന്നെയെന്ന് സമ്മതിച്ചു. തുടര്‍ന്നാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്. ബന്ധം പിരിഞ്ഞ ശേഷം നല്ല നിലയില്‍ യുവതി കഴിയുന്നതിലുള്ള അസൂയയാണ് പ്രതി ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കാരണമായത്.