ഫേസ്ബുക്കില്‍ ലൈവ് ഇട്ട് ബിഎംഡബ്ല്യുവില്‍ 230 കി.മി വേഗതയില്‍ പറന്നു ; ലോറിയില്‍ ഇടിച്ചു നാല് പേര്‍ക്ക് ദാരുണാന്ത്യം

വെള്ളിയാഴ്ച പൂര്‍വാഞ്ചല്‍ എക്സ്പ്രസ്വേയില്‍ സുല്‍ത്താന്‍പൂരിലാണ് അപകടം നടന്നത്.ഫേസ്ബുക്കില്‍ ലൈവിട്ട് 230 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച ബിഎംഡബ്ല്യു കാര്‍ ട്രക്കിലിടിച്ച് നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബീഹാറിലെ റോഹ്താസിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ പ്രൊഫസറായ 35 കാരനായ ഡോ. ആനന്ദ് പ്രകാശ്, എഞ്ചിനീയര്‍ ദീപക് കുമാര്‍, അഖിലേഷ് സിംഗ്, വ്യവസായി മുകേഷ് എന്നിവരാണ് അമിത വേഗതയില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ടത്. ബിഎംഡബ്ല്യു 230 കിലോമീറ്റര്‍ വേഗതയില്‍ എത്തിയപ്പോള്‍ സ്പീഡോമീറ്റര്‍ അടുത്തതായി 300 കിലോമീറ്റര്‍ വേഗതയില്‍ തൊടുമെന്ന് ഒരാള്‍ പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത നിമിഷം കാര്‍ ട്രക്കിലിടിച്ചു.

ഇടിയില്‍ ബിഎംഡബ്ല്യു കാര്‍ പൂര്‍ണമായി തകര്‍ന്നു. യുവാക്കളുടെ മൃതദേഹം റോഡില്‍ ചിന്നിച്ചിതറി. അപകടത്തില്‍പ്പെട്ടവരെല്ലാം ബിഹാര്‍ സ്വദേശികളാണ്. ഇവര്‍ ദില്ലിയിലേക്കുള്ള യാത്രയിലായിരുന്നു. സംഭവം അന്വേഷിച്ചുവരികയാണെന്നും കണ്ടെയ്നര്‍ ഡ്രൈവറെ കണ്ടെത്താന്‍ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും സുല്‍ത്താന്‍പൂര്‍ എസ്പി സോമെന്‍ ബര്‍മ പറഞ്ഞു. ഫോറന്‍സിക് സ്റ്റേറ്റ് ലബോറട്ടറിയുടെ സഹായത്തോടെ ബിഎംഡബ്ല്യൂവിന്റെയും കണ്ടെയ്നര്‍ ട്രക്കിന്റെയും സാങ്കേതിക പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹിയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയില്‍ നിന്നാണ് ബിഎംഡബ്ല്യു വാങ്ങിയതെന്ന് ആനന്ദ് പ്രകാശിന്റെ അമ്മാവന്‍ എകെ സിംഗ് പറഞ്ഞു.അപകടത്തിന് തൊട്ടുമുമ്പ് നാല് പേരും ഫെയ്സ്ബുക്ക് ലൈവില്‍ കാര്‍ അമിത വേഗതയില്‍ പോകുന്നത് സംപ്രേഷണം ചെയ്തിരുന്നു. ലൈവിനിടയില്‍ ഇങ്ങനെ പോയാല്‍ നമ്മള്‍ നാല് പേരും മരിക്കുമെന്നും ഇവരില്‍ ഒരാള്‍ തമാശക്ക് പറഞ്ഞിരുന്നു.എന്നാല്‍ അത് അറം പറ്റി.