കോടതി ഉത്തരവിന് പുല്ലുവില ; വിഴിഞ്ഞം സമരം : റോഡ് ഉപരോധിച്ച് അതിരൂപത ; കാഴ്ചക്കാരായി സര്‍ക്കാര്‍

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണത്തിന്റെ പേരില്‍ ജനജീവിതം താറുമാറാക്കി ലത്തീന്‍ അതിരൂപതയുടെ സമരം. സമരം പാടില്ല എന്ന കോടതി ഉത്തരവ് കാറ്റില്‍ പറത്തിയാണ് ഇടവകയുടെ നേതൃത്വത്തില്‍ സമരം അരങ്ങേറിയത്. ജില്ലയിലെ 8 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിച്ചു. വള്ളങ്ങളുമായി സ്ത്രീകളടക്കമുള്ളവര്‍ ദേശീയപാത ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. ആറ്റിങ്ങല്‍, കഴക്കൂട്ടം, സ്റ്റേഷന്‍കടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാര്‍, ഉച്ചക്കട എന്നിവിടങ്ങളില്‍ രാവിലെ എട്ടരയോടെയാണ് ഉപരോധം ആരംഭിച്ചത്. വൈകിട്ട് 3 വരെയാണ് ഉപരോധം നടന്നത്.

ചാക്കയില്‍ റോഡ് ഉപരോധിച്ചതോടെ വിമാനത്താവളത്തിലേക്കു വന്ന യാത്രക്കാര്‍ കുടുങ്ങി. പൊലീസ് വഴി തിരിച്ചുവിട്ടെങ്കിലും വിമാനത്താവളത്തിലേക്കുള്ള വഴി നിര്‍ദേശിക്കാത്തതിനാല്‍ ഇതര ജില്ലയിലുള്ളവര്‍ ബുദ്ധിമുട്ടി. പലര്‍ക്കും യാത്ര ചെയ്യാനാകാതെ മടങ്ങേണ്ടിവന്നു. വിഎസ്എസ്‌സിയിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. വിഴിഞ്ഞം ജംഗ്ഷന്‍, മുല്ലൂര്‍ എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന റോഡ് ഉപരോധം നിരോധിച്ച് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടെങ്കിലും രാവിലെ തന്നെ ഇവിടങ്ങളില്‍ ഉപരോധം ആരംഭിച്ചു. അതിരൂപതയുടെ സമരവും ഇതിനെതിരായി ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും കണക്കിലെടുത്താണ് കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. പ്രദേശത്ത് സമരത്തിന്റെ ഭാഗമായുള്ള മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്.

അതേസമയം സമരത്തില്‍ ഇടപെടാതെ കാഴ്ചക്കാരയി നില്‍ക്കുകയാണ് സര്‍ക്കാര്‍. സമരക്കാരുടെ മിക്ക ആവശ്യങ്ങളും അംഗീകരിച്ചിട്ടും സമരത്തില്‍ നിന്നും പിന്മാറാന്‍ ലത്തീന്‍ അതിരൂപതയിലെ ചില അച്ചന്മാര്‍ സമ്മതിക്കുന്നില്ല എന്നതാണ് സത്യം. മല്‍സ്യ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് ഉപരി തുറമുഖ നിര്‍മ്മാണം നിര്‍ത്തി വെക്കുന്നതിലാണ് അതിരൂപതയ്ക്ക് താല്പര്യം എന്ന് വ്യക്തമായിട്ടും സമരക്കാരെ ഒതുക്കാന്‍ സര്‍ക്കാര്‍ തയ്യറാകുന്നില്ല. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.

ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ച സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കാമെന്ന് മനസുള്ളവര്‍ സമരസമിതി നേതൃത്വത്തിലുണ്ട്. എന്നിട്ടും സമരം നിര്‍ത്തിവെക്കാന്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ട്. സമരസമിതിയില്‍ ഒരു കൂട്ടര്‍ രാഷ്ട്രീയം കളിക്കുന്നുണ്ടോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് സംഭവങ്ങളുടെ മുന്നോട്ട് പോക്കെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തിന്റെയും തലസ്ഥാനത്തിന്റെയും വികസന സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി തദ്ദേശവാസികള്‍ക്കടക്കം നിരവധി തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കുന്നതാണ്. ഭാവി തലമുറയെ കരുതിയെങ്കിലും സമരം അവസാനിപ്പിക്കണമെന്ന് ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.

മത്സ്യത്തൊഴിലാളികളുടെ 7 ആവശ്യങ്ങളില്‍ ആറെണ്ണവും സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും ഇടതുപക്ഷ ജനാധിപത്യമുന്നണിയോട് ആഭിമുഖ്യമുള്ളവരാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് സമരം ചെയ്യാനുള്ള എല്ലാ അവകാശവുമുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് അവകാശപ്പെട്ടതൊക്കെ നല്‍കണമെന്നത് തന്നെയാണ് എല്‍ഡിഎഫിന്റെ നിലപാട്. എല്ലാകാലത്തും മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യം ഉറപ്പാക്കിയ സര്‍ക്കാരുകളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേത്. ഇക്കാര്യം മത്സ്യത്തൊഴിലാളികള്‍ക്ക് അറിയാം. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് തന്നെയാണ് മന്ത്രിതലത്തിലുള്ള ചര്‍ച്ചകള്‍ നടന്നതും. വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതും. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കുക എന്നത് അസാധാരണമായ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.