സ്വപ്നയെ താലികെട്ടിയതും യാത്രയില്‍ കൂടെക്കൂട്ടിയതും സര്‍വീസ് ചട്ടലംഘനം ; ശിവശങ്കറിനെതിരേ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി

ശിവശങ്കറിനെതിരേ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി.ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കോണ്‍ഗ്രസ് നേതാവ് വീണ നായരാണ് പരാതി നല്‍കിയത്. വിവാഹിതനായ ശിവശങ്കര്‍ സ്വപ്നയെ താലി കെട്ടിയത് ആള്‍ ഇന്ത്യ സര്‍വീസ് റൂള്‍ 19 പ്രകാരം ഗുരുതര തെറ്റെന്ന് ആരോപണം. ഔദ്യോഗിക യാത്രകളില്‍ സ്വപ്ന സുരേഷിനെ കൂടെ കൂട്ടിയതും ചട്ട ലംഘനമെന്നും പരാതിയുണ്ട്. ‘ചതിയുടെ പത്മവ്യൂഹം ‘ എന്ന സ്വപ്നയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പരാതി.

സ്വപ്ന സുരേഷിന്റെ പുസ്തകത്തില്‍ എം.ശിവശങ്കര്‍ ചെന്നൈയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് തന്നെ താലി ചാര്‍ത്തി എന്ന് വെളിപ്പെടുത്തുന്നുണ്ട്. ഇതോടൊപ്പം ഔദ്യോഗിക യാത്രകള്‍ ദുരുപയോഗിപ്പെടുത്തി നിരവധി യാത്രകളില്‍ സ്വപ്ന സുരേഷിനെ കൂടെ കൂട്ടി എന്നും പുസ്തകത്തില്‍ പറയുന്നു. ഐഎഎസ് മാന്വല്‍ ചട്ടം 19 പ്രകാരം വിവാഹിതനായ ഒരു ഉദ്യോഗസ്ഥന്‍ സര്‍വിസില്‍ തുടരുന്ന കാലം മറ്റൊരു വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ല. ഇതോടൊപ്പം ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 493,494 വകുപ്പുകള്‍ പ്രകാരവും ഇത് കുറ്റകരമാണ്. ഔദ്യോഗിക യാത്രകള്‍ വ്യക്തി താല്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതും കുറ്റകരമാണെന്നും വീണയുടെ പരാതിയില്‍ പറയുന്നു.