ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ജയിലിലായ യുവാവ് പുറത്തിറങ്ങി ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുന്ന പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന യുവാവ് വീണ്ടും അറസ്റ്റില്‍. കായംകുളം കാര്‍ത്തികപ്പള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂര്‍ പടിഞ്ഞാറ്റേതില്‍ കണ്ണന്‍ എന്നുവിളിക്കുന്ന ലാലു കൃഷ്ണന്‍(23) ആണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പന്തളം പൊലീസിന്റെ പിടിയിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നാലുമാസം റിമാന്‍ഡിലായിരുന്നു ഇയാള്‍. തുടര്‍ന്ന് പുറത്തിറങ്ങി ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ചതിനാണ് വീണ്ടും അറസ്റ്റിലായത്.
ഒക്ടോബര്‍ 11ന് രാവിലെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായെന്ന് അമ്മ പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.