കളിയിക്കാവിളയില്‍ ശീതള പാനീയം കുടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവം : അന്വേഷണം സി ബി സി ഐ ഡിക്ക്
ശീതള പാനിയം കുടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ച സംഭവം സിബിസിഐഡി അന്വേഷിക്കും. കന്യാകുമാരി ജില്ലയിലെ കളിയിക്കാവിള യ്ക്ക് സമീപം മെതുകുമ്മല്‍ സ്വദേശിയായ സുനില്‍- സോഫിയ ദമ്പതികളുടെ മകന്‍ അശ്വിന്‍ (11) ആണ് ഗുരുതരനിലയില്‍ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അതംകോടിലുള്ള സ്വകാര്യ സ്‌കൂളിലാണ് അശ്വിന്‍ പഠിച്ചിരുന്നത്. കഴിഞ്ഞ മാസം 24ന് പരീക്ഷ എഴുതിയ ശേഷം സ്‌കൂളില്‍ നിന്നു വീട്ടിലേയ്ക്ക് മടങ്ങാന്‍ നില്‍ക്കുന്നതിനിടയ്ക്ക് സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥി ബോട്ടിലുലുള്ള ശീതള പാനിയം കുടിക്കാന്‍ ആവശ്യപ്പെട്ടു. അശ്വിന്‍ വാങ്ങി കുടിച്ച ശേഷം വീട്ടിലേക്ക് മടങ്ങി.
തുടര്‍ന്ന് രാത്രി ഛര്‍ദിയും ദേഹാസ്വസ്ഥതവും അനുഭവപ്പെട്ടു. ഉടന്‍ രക്ഷിതാക്കള്‍ കളിയിക്കാവിളയിലും, തുടര്‍ന്ന് അടുത്ത ദിവസം മാര്‍ത്താണ്ഡത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെയെങ്കിലും വായിലും നാവിലും വ്രണങ്ങള്‍ ഉണ്ടായിരുന്നു. ഉടനെ നെയ്യാറ്റിന്‍കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു പരിശോധന നടത്തിയതില്‍ ആസിഡ് പോലുള്ള ദ്രാവകം ശരീരത്തില്‍ കലര്‍ന്നിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കളിയിക്കാവിള പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി കുഞ്ഞിന്റെ മൊഴിയെടുത്തു. സ്‌കൂളില്‍ സഹപാഠി കുപ്പിയിലുള്ള പാനിയം കുടിക്കാന്‍ തന്നെന്നും കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തക്കല ഡിവൈഎസ്പി ഗണേഷന്റെ നേതൃത്യത്തിലുള്ള പോലീസ് സംഘം സ്‌കൂളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ അത്തരത്തിലൊരു സംഭവം സ്‌കൂളില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്നാണ് പൊലീസ് അറിയിച്ചത്.
എന്നാല്‍ പരിശോധനയില്‍ കുട്ടിയുടെ രണ്ടു വൃക്കകളും തകരാറിലായി നിലവില്‍ ഡയാലിസ് ചെയ്തു വരുകയായിരുന്നു. ഇന്നലെ വെകിട്ട് നാലു മണിയോടെ കുഞ്ഞ് മരണപ്പെട്ടു. ഇതിനിടെ പോലീസ് അന്വേഷണം മന്ദഗതിയില്‍ ആണെന്നും കുറ്റവാളികളെ കണ്ടുപിടിക്കുന്നതില്‍ പോലീസ് അനാസ്ഥ കാണിക്കുന്നു എന്ന് ആരോപിച്ചു കുട്ടിയുടെ മൃതദേഹം ഏറ്റു വാങ്ങില്ല എന്ന് കുട്ടിയുടെ പിതാവ് സുനില്‍ മാധ്യമങ്ങളോട് അറിയിച്ചു. ആരാണ് ശീതള പാനീയം നല്‍കിയതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം സിബിസിഐഡിയെ ഏല്‍പ്പിച്ചത്.