കനത്ത മഴ തുടരുന്നു ; തലസ്ഥാനത്ത് റോഡുകളില്‍ വെള്ളക്കെട്ട് ; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്തു കഴിഞ്ഞ ദിവസം ആരംഭിച്ച മഴ പല ഇടങ്ങളിലും ശക്തമായി തുടരുന്നു. 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. അടുത്ത മൂന്നു മണിക്കൂര്‍ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മലയോര മേഖലയില്‍ പരക്കെ മഴ ലഭിച്ചേക്കും. തിരുവനന്തപുരം നഗരത്തില്‍ ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തെക്ക് കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിന് സമീപത്തായി ചക്രവാതചുഴിയും കേരളത്തിനും തമിഴ്‌നാടിനും മുകളിലൂടെ ന്യുനമര്‍ദ്ദ പാത്തിയും സ്ഥിതിചെയ്യുന്നതാണ് മഴയ്ക്ക് കാരണം.
ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ അഞ്ച് ദിവസം കൂടി തുടര്‍ന്നേക്കും. ഒക്ടോബര്‍ 20 ഓടെ വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നു പടിഞ്ഞാറു വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചു തുടര്‍ന്നുള്ള 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ കേരളത്തില്‍ ഒക്ടോബര്‍ 21 വരെ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും ഇടി മിന്നലിനും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.