നീലക്കുറിഞ്ഞി ; പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞു മലനിരകള്‍ ; പോസ്റ്റുമായി നടന്‍ നീരജ് മാധവ്
ഇടുക്കി ശാന്തന്‍പാറ കള്ളിപ്പാറയില്‍ പൂത്ത നീലക്കുറിഞ്ഞി കാണാന്‍ നൂറുകണക്കിന് സന്ദര്‍ശകരാണ് ദിവസവുനെത്തുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ പൂക്കള്‍ പറിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതിനെ പറ്റി കഴിഞ്ഞ ദിവസം മലയാളി വിഷന്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ അതുമാത്രമല്ല നീലക്കുറിഞ്ഞി പൂത്തത് കാണാന്‍ കേരളത്തിനകത്തും പുറത്തും നിന്നുള്ളവര്‍ ഇടുക്കി കള്ളിപ്പാറയില്‍ എത്തുകയാണ്. എന്നാല്‍ കണ്ടിട്ട് പോകുന്നവര്‍ നീലക്കുറിഞ്ഞി കൂട്ടത്തിന് തിരിച്ച് അത്ര മനോഹരമായ അനുഭവമല്ല നല്‍കുന്നത്. മലയിലും പരിസരത്തും അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുകയാണ് ഇപ്പോള്‍.
നിരവധി പേരാണ് സഞ്ചാരികളുടെ അടക്കം ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ വിഷയം ചര്‍ച്ച ചെയ്തത്. ഇതിനിടെ നടന്‍ നീരജ് മാധവ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. നീലക്കുറിഞ്ഞി സന്ദര്‍ശനം ഒരു ദുരന്തമായി മാറിയിരിക്കുകയാണെന്നും വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആളുകള്‍ പരിസരത്ത് വലിച്ചെറിയുന്നുണ്ടെന്നും നീരജ് മാധവ് ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രങ്ങള്‍ സഹിതമാണ് നടന്റെ പോസ്റ്റ്.
‘നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ഒരു വലിയ ദുരന്തമായി മാറുകയാണ്. ആളുകള്‍ വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വിലയേറിയ ഈ പൂക്കള്‍ക്കിടയില്‍ ഉപേക്ഷിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ ഇല്ലാതാക്കാന്‍ അധികാരികള്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആളുകള്‍ അതൊന്നും കാര്യമാക്കുന്നില്ല. നീലക്കുറിഞ്ഞി കാണാനെത്തുന്നവരോട് ഒരു അഭ്യര്‍ത്ഥന, പ്ലാസ്റ്റിക് കൊണ്ടുപോകരുത് കൊണ്ടുപോയാല്‍ തന്നെ ദയവായി അത് വലിച്ചെറിയരുത്’. നീരജ് മാധവ് പറഞ്ഞു.