എന്തുകൊണ്ട് വിദേശയാത്രയില്‍ കുടുംബാംഗങ്ങള്‍ ? വിശദീകരണം നല്‍കി മുഖ്യമന്ത്രി
വിദേശയാത്രകൊണ്ടു കേരളം പ്രതീക്ഷിച്ചതിലും മികച്ച നേട്ടമാണ് സ്വന്തമാക്കിയത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബാംഗങ്ങളടക്കമുള്ളവരെ എന്തുകൊണ്ടാണ്ട് ഔദ്യോഗിക വിദേശയാത്രയില്‍ ഉള്‍പ്പെടുത്തിയതെന്ന ചോദ്യം മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉയര്‍ന്നു. കുടുംബാംഗങ്ങള്‍ പോയതില്‍ ഒരു അനൗചിത്യവും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാധ്യമങ്ങള്‍ ഏതിലാണ് ഊന്നല്‍ നല്‍കുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി, കേരളത്തിന് നേട്ടമുണ്ടാക്കാനായി നടത്തിയ ഔദ്യോഗികയാത്രയെ ചിലര്‍ ഉല്ലാസയാത്രയെന്നും ധൂര്‍ത്തെന്നും വരുത്തി തീര്‍ക്കാനാണ് ശ്രമിച്ചതെന്നും അഭിപ്രായപ്പെട്ടു. നാടിനെ അഭിവൃദ്ധിപ്പെടുത്താനുള്ള നീക്കങ്ങള്‍ എന്താണ് കാണാത്തതെന്ന് ചോദിച്ച പിണറായി വിജയന്‍ മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിക്കാന്‍ നോക്കുന്ന ചിത്രമല്ല സര്‍ക്കാരിനെ കുറിച്ചും കേരളത്തെ കുറിച്ചും പുറത്തുള്ളതെന്നും വിവരിച്ചു.
ലക്ഷ്യമിട്ടതിനെക്കാള്‍ ഗുണഫലം യാത്ര കൊണ്ടുണ്ടായി. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് യുകെ കുടിയേറ്റം എളുപ്പമാക്കാന്‍ ചര്‍ച്ചകള്‍ നടന്നു. അടുത്തമാസം മൂവായിരം തൊഴിലവസരങ്ങള്‍ ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വിദേശയാത്രയ്ക്കു ശേഷം തിരുവനന്തുപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞത്. ഫിന്‍ലന്‍ഡ്, നോര്‍വെ, യുകെ എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം നടത്തിയത്. ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുത്തു. പത്ത് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രാതിനിധ്യം സമ്മേളനത്തില്‍ ഉണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബായി കേരളത്തെ മാറ്റുക, കൂടുതല്‍ വ്യവസായ നിക്ഷേപം കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളില്‍ പ്രവാസികളുടെ സഹായം അഭ്യര്‍ഥിച്ചു. വിദ്യാര്‍ത്ഥി കുടിയേറ്റം, അനധികൃത റിക്രൂട്ട്‌മെന്റ്, കേരള സഭകളുടെ പ്രവര്‍ത്തന ഏകോപനം, സ്‌കില്‍ മാപ്പിംഗ് സാധ്യമാക്കുന്ന രീതിയില്‍ ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം എന്നിവ ചര്‍ച്ച ചെയ്തു.
സംസ്ഥാനത്തിന്റെ വികസനത്തിനെ മുന്‍നിര്‍ത്തിയാണ് യാത്ര നടത്തിയത്. ലക്ഷ്യമിട്ടതില്‍ കൂടുതല്‍ ഗുണഫലങ്ങള്‍ ഉണ്ടായി. പഠന മേഖലയിലെ സഹകരണം, പുതിയ തൊഴില്‍ കണ്ടെത്തല്‍, പ്രവാസി ഇടപെടലുകള്‍, മലയാളികളുമായുള്ള ആശയവിനിമയം, കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കല്‍ തുടങ്ങി പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടങ്ങള്‍ ഉണ്ടാക്കാനായി. നവംബറില്‍ ഒരാഴ്ച്ച നീളുന്ന യുകെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കും. എല്ലാ മേഖലയിലെയും പ്രൊഫഷണലുകള്‍ക്ക് കുടിയേറ്റം സാധ്യമാക്കും. മനുഷ്യക്കടത്തും തട്ടിപ്പും തടയാന്‍ ‘ഓപ്പറേഷന്‍ ശുഭയാത്ര’ സംഘടിപ്പിക്കും.
നോര്‍വെയുമായി കൈകോര്‍ത്ത് കേരളത്തിന്റെ മത്സ്യമേഖലയെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിസ്ഥിതി മേഖലയിലും നോര്‍വെയുമായി സഹകരിക്കും. നോര്‍വേയിലെ തുരങ്കനിര്‍മാണ രീതി വയനാട്ടിലും മാതൃകയാക്കാം. നോര്‍വീജിയന്‍ കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്തും.സംസ്ഥാനത്തിന്റെ മുന്നോട്ട് പോക്കിന് അനിവാര്യമായിരുന്നു ഈ യാത്ര. ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പത്ത് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രാതിനിധ്യമാണുണ്ടായത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി കേരളത്തെ മാറ്റാന്‍ ചര്‍ച്ചയുണ്ടായി. നിര്‍ദ്ദേശങ്ങള്‍ ലോക കേരള സഭാ സെക്രട്ടേറിയറ്റ് പരിശോധിച്ച് സര്‍ക്കാരിന് കൈമാറും. യുകെ എംപ്ലോയ്‌മെന്റ് നവംബറില്‍ സംഘടിപ്പിക്കും. 3000ല്‍ അധികം ഒഴിവുകളിലേക്ക് തൊഴിലവസരങ്ങള്‍ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.