ഇന്‍സ്റ്റാഗ്രാം ലൈവില്‍ വന്ന് ആത്മഹത്യാ ശ്രമം ; തിരുവനന്തപുരത്തുള്ള യുവതിയെ രക്ഷിച്ചത് മെറ്റാ അധികൃതര്‍

മെറ്റാ അധികൃതരുടെയും കേരളാ പോലീസിന്റെയും ഇടപെടല്‍ കാരണം രക്ഷപ്പെട്ടത് ഒരു ജീവന്‍. ഇന്‍സ്റ്റാഗ്രാമില്‍ ലൈവില്‍ വന്ന് ആത്മഹത്യ ശ്രമം നടത്തിയ യുവതിയെയാണ് രക്ഷപ്പെടുത്തിയത്. തിരുവനന്തപുരം കരമന സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം അറിഞ്ഞു വെറും പത്തു മിനിറ്റിനുള്ളില്‍ ഓടിയെത്തിയ കേരള പൊലീസ് യുവതിയെ രക്ഷിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കേരളത്തില്‍ ഒരു യുവതി ഇന്‍സ്റ്റാഗ്രാമില്‍ ലൈവിട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന വിവരം മെറ്റാ അധികൃതര്‍ കൊച്ചി സൈബര്‍ പോലീസിന് നല്‍കുകയായിരുന്നു.

വീഡിയോയ്ക്ക് ഒപ്പം യുവതിയുടെ ഐപി അഡ്രസ്സും മെറ്റാ ടീം സൈബര്‍ സെല്ലിന് കൈമാറി. യുവതിയുടെ പ്രൊഫൈല്‍ പരിശോധിച്ച സൈബര്‍ സെല്‍ ഇവരെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരംകരമന പൊലീസ് സ്റ്റേഷനുകള്‍ക്ക് വിവരം കൈമാറി. പോലീസുകാര്‍ ഉടന്‍ തന്നെ പുറപ്പെട്ടു. തിരുവനന്തപുരം കരമനയില്‍ നിന്നും ഇവരെ പോലീസ് കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. കൈ ഞരമ്പ് മുറിച്ച നിലയിലുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ യുവതി പങ്കുവെച്ചത്. ഈ ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മെറ്റാ അധികൃതര്‍ സൈബര്‍ സെല്ലിനെ വിവരം അറിയിച്ചത്.

കാസര്‍കോട് സ്വദേശിയായ പങ്കാളിയുമായി യുവതിക്ക് ഉണ്ടായ പ്രശ്‌നങ്ങളും ഇതേതുടര്‍ന്നുണ്ടായ മാനസിക വിഷമങ്ങളുമാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കൊച്ചി സെബര്‍ സെല്ലിന് വിവരം ലഭിച്ച് വെറും പത്ത് മിനുട്ടിനുള്ളില്‍ തന്നെ യുവതിയെ കണ്ടെത്തി കേരള പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു.