മണിച്ചനെ ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി ; പിഴ സര്‍ക്കാര്‍ അടയ്ക്കണം

കേരളം മറക്കാത്ത വ്യാജമദ്യ ദുരന്തമായ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മണിച്ചനെ ഉടന്‍ ജയില്‍ മോചിതനാക്കണമെന്ന് സുപ്രീംകോടതി. പിഴ അടയ്ക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച്, വ്യാജ മദ്യം തടയാന്‍ കഴിയാത്ത സര്‍ക്കാരിന് ഇരകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കി കൂടെയെന്ന് ചോദിച്ചു. കല്ലുവാതുക്കള്‍ മദ്യ ദുരന്ത കേസിലെ ഏഴാം പ്രതിയായ മണിച്ച് ജീവപര്യന്തം തടവും 30.45 ലക്ഷം പിഴയുമാണ് കോടതി വിധിച്ചത്. ജീവപര്യന്തം ശിക്ഷ മന്ത്രിസഭ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ഇളവ് ചെയ്തു. എന്നാല്‍ പിഴ തുക അടക്കാത്തത് ജയില്‍ മോചനത്തിന് തടസ്സമായി.

മണിച്ചന്റെ ഭാര്യ ഉഷ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.കേസിലെ മറ്റ് രണ്ട് പ്രതികളായ വിനോദ് കുമാര്‍, മണികണ്ഠന്‍ എന്നിവരെ പിഴ അടയ്ക്കാതെ ജയില്‍ മോചിപ്പിച്ചതായി മണിച്ചന്റെ ഭാര്യ ഉഷയുടെ അഭിഭാഷക മാലിനി പൊതുവാള്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. വിനോദ് കുമാര്‍, മണികണ്ഠന്‍ എന്നിവര്‍ക്ക് പിഴ അടയ്ക്കാതെ മോചിപ്പിച്ചത് കൂടി കണക്കിലെടുത്ത് ആണ് മണിച്ചനെയും പിഴ അടയ്ക്കാതെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. പിഴത്തുക ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് നല്‍കാനാണെന്നും വിട്ടുവീഴ്ച പറ്റില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.

കേസിലെ പ്രതികള്‍ക്ക് വിധിച്ച പിഴ സുപ്രീം കോടതി ശരിവച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ചൂണ്ടിക്കാട്ടി. എന്നാല്‍ പിഴ നല്‍കാന്‍ പണമില്ലെങ്കില്‍ എത്രകാലം ജയിലില്‍ ഇടേണ്ടി വരുമെന്ന് കോടതി ആരാഞ്ഞു. പിഴ തുക കേസിലെ ഇരകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടതാണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ വ്യാജ മദ്യം തടയാന്‍ പരാജയപ്പെട്ടത് സര്‍ക്കാര്‍ അല്ലേയെന്ന് കോടതി ആരാഞ്ഞു. അതിനാല്‍ ഇരകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിക്കൂടെയെന്നും കോടതി വാക്കാല്‍ ചോദിച്ചു. സുപ്രീംകോടതി വിധി അനുകൂലമാതോടെ മണിച്ചന്‍ ഉടന്‍ പുറത്തിറങ്ങും. 2000 ഒക്ടോബറില്‍ ആണ് കേരളം നടുങ്ങിയ വ്യാജ മദ്യ ദുരന്തം ഉണ്ടായത്. അന്ന് 31 പേര്‍ മരിക്കുകയും ആറുപേര്‍ക്ക് കാഴ്ച നഷ്ടമാവുകയും 500 പേര്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.