കെഎം ബഷീറിന്റെ മരണം ; ശ്രീറാം വെങ്കിട്ടരാമനെ കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കി

മാധ്യപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമനെയും വഫയെയും കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കി. ശ്രീറാമിനെതിരെ നിലനില്‍ക്കുന്നത് മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റവും മദ്യപിച്ച് വാഹനം ഓടിച്ചതും മാത്രമെന്ന് കോടതി വ്യക്തമാക്കി. അലക്ഷ്യമായി വാഹനമോടിച്ച കേസ് ശ്രീരാമന്‍ എതിരെ നിലനില്‍ക്കും. ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന വഫയ്‌ക്കെതിരെ മോട്ടോര്‍ വാഹന കേസ് മാത്രമാണുള്ളത്.കേസിലെ ഒന്നാം പ്രതിയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍. വഫ ഫിറോസ് രണ്ടാം പ്രതിയാണ്. സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്.

കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍നിന്ന് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചിട്ടില്ല, നരഹത്യാകുറ്റം നിലനില്‍ക്കില്ല എന്നീ വാദങ്ങളാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ബഷീറിനെ തനിക്ക് മുന്‍പരിചയമില്ല. അതിനാല്‍ ല്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന വാദം നിലനില്‍ക്കില്ലെന്നും ശ്രീറാം കോടതിയില്‍ പറഞ്ഞു. ശ്രീറാമിനോട് അമിതവേഗത്തില്‍ വാഹനമോടിക്കാന്‍ പറഞ്ഞിട്ടില്ലെന്ന് വഫയും കോടതിയില്‍ വാദിച്ചിരുന്നു.

അതേസമയം കൊലക്കുറ്റം ഒഴിവാക്കിയ കോടതി വിധിക്ക് ഇടയാക്കിയത് അന്വേഷണത്തിലെ പാളിച്ചയെന്ന് കെ.എം.ബഷീറിന്റെ കുടുംബം. ബഷീറിനെ വാഹനമിടിച്ച് കൊല്ലപ്പെടുത്തിയ കേസില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് സഹോദരന്‍ അബ്ദുറഹ്മാന്‍ ആരോപിച്ചു. കുറ്റപത്രത്തില്‍ പാളിച്ചകളുണ്ട്. കേസ് സര്‍ക്കാര്‍ വേണ്ട വിധത്തില്‍ പരിഗണിച്ചില്ല എന്നും പുനരന്വേഷണം വേണം എന്നും കുടുംബം ആവശ്യപ്പെട്ടു. കോടതി വിധി പ്രതീക്ഷിച്ചതല്ല. അപ്പീല്‍ പോകുന്നതിനെ ക്കുറിച്ച് ആലോചിക്കുന്നുവെന്നും ബഷീറിന്റെ സഹോദരന്‍ അബ്ദുറഹ്മാന്‍ വ്യക്തമാക്കി. എത്രയും പെട്ടന്ന് ബഷീറിന്റെ ഫോണ്‍ കണ്ടെത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊലീസും സര്‍ക്കാരും ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. സര്‍ക്കാര്‍ സംരക്ഷണമൊരുക്കിയതിന്റെ പരിണത ഫലമാണ് കോടതിയില്‍ നേരിട്ടത്. ബഷീറിന്റേത് കൊലപാതകമാണ് എന്നാണ് താന്‍ പറയുക എന്നും സതീശന്‍ പറഞ്ഞു. ഇതിനിടെ, ബഷീറിനെതിരായ കൊലക്കുറ്റം ഒഴിവാക്കിയ നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിയാണ് കൊലക്കുറ്റം കോടതി ഒഴിവാക്കിയത്.

മദ്യപിച്ച് വാഹനമോടിച്ച് കെ.എം.ബഷീറിനെ ഇടിച്ച് കൊലപ്പെടുത്തിയിട്ടും, പത്ത് മണിക്കൂറിന് ശേഷം മാത്രമാണ് പൊലീസ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്തിയത്. ഇതോടെ തെളിവില്ലാതായി. ആദ്യം വാഹനമോടിച്ചത് ശ്രീറാമല്ല, വഫയാണെന്ന് വരെ പൊലീസ് കള്ളക്കഥ ചമച്ചു. ഡോക്ടര്‍ കൂടിയായ പ്രതി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അത് കൊണ്ടാണ് മദ്യപിച്ചതിന്റെ തെളിവ് കിട്ടാത്തതെന്നും വാദിച്ചു. ഇത് കോടതി അംഗീകരിച്ചില്ല.

2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ മ്യൂസിയം-വെള്ളയമ്പലം റോഡില്‍ നടന്ന അപകടത്തിലാണ് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീര്‍ മരിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ചശേഷം അതിവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് പൊലീസ് കേസ്. ശ്രീറാം വെങ്കിട്ടരാമനെതിരായ പരാതി കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കഴിഞ്ഞ മാസം ഫയലില്‍ സ്വീകരിച്ചിരുന്നു. അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതിനാല്‍ ശ്രീറാമിനെ സിവില്‍ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്നും ക്രിമിനല്‍ കേസ് പ്രതിയായിരിക്കെ നിയമവിരുദ്ധമായി നല്‍കിയ സ്ഥാനക്കയറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.