കേരളാ പോലീസിന് ഒരു പൊന്‍തൂവല്‍ കൂടി ; പോലീസുകാരന്റെ മാങ്ങാ മോഷണം ഒതുക്കി തീര്‍ത്തു
പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണ കേസ് ഒത്തുതീര്‍ത്തു കേരളാ പോലീസ്. മാമ്പഴ മോഷ്ടാവായ ഇടുക്കി എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ പി വി ഷിഹാബിനെതിരെ പരാതിയില്ല എന്ന കച്ചവടക്കാരന്റെ ഹര്‍ജി കോടതി അംഗീകരിച്ചു. ഐ പി സി 379 പ്രകാരം ഉള്ള മോഷണ കേസില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ പൊലീസിന് അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് നസീബ് അബ്ദുല്‍ റസാഖിന്റേതാണ് ഉത്തരവ്.
രണ്ടുദിവസമായി നടന്ന വാദത്തിന് ഒടുവിലാണ് പരാതിക്കാരന്‍ ഇല്ലെങ്കില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ പോലീസിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതി മാമ്പഴ മോഷ്ടാവായ പോലീസുകാരന് അനുകൂലമായ വിധി പുറത്തിറക്കിയത്. പോലീസുകാരന്‍ പ്രതിയായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിച്ചാല്‍ സമൂഹത്തില്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ഇന്നലെ കോടതിയില്‍ പോലീസ് വാദിച്ചത്. കേസില്‍ സാധാരണക്കാരനല്ല പ്രതി എന്ന് ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു പോലീസിന്റെ വാദമുഖങ്ങള്‍. നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും പോലീസിനു വേണ്ടി കോടതിയില്‍ ഹാജരായ സര്‍ക്കാര്‍ അഭിഭാഷക അഡ്വ പി അനുപമ വാദിച്ചു. വാദം കേട്ട ശേഷം വിധി പറയാനായി കോടതി ഇത് മാറ്റിവെക്കുകയായിരുന്നു.
പോലീസുകാരന്‍ മാമ്പഴം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെയാണ് സമൂഹത്തില്‍ ഇത് വലിയ ചര്‍ച്ചയ്ക്ക് കാരണമായത്. തുടര്‍ന്ന് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ സംഭവം ഉണ്ടായതിന് തൊട്ടുപിന്നാലെ പി വി ഷിഹാബ് മുങ്ങി. ഇയാളെ പിടികൂടുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞമാസം മുപ്പതിന് ഉണ്ടായ സംഭവത്തില്‍ 20 ദിവസത്തോളം കയ്യില്‍ സമയം ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് സംഭവത്തില്‍ ഒത്തുകളി ആരോപണം രൂക്ഷമായത്.
നേരത്തെ ബലാത്സംഗ കേസില്‍ പ്രതിയായ പി വി ഷിഹാബ് ജാമ്യത്തില്‍ കഴിയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കോട്ടയത്ത് നിന്നും ഇയാളെ ഇടുക്കി ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. മാമ്പഴ മോഷണ വിവാദം പുറത്തുവന്നതിന് തൊട്ടുപിന്നാലെ സംഭവത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പിവി ഷിഹാബിനെ പോലീസ് സേനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഇടുക്കി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കി. 2019 ലെ ബലാല്‍സംഗം കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി എന്ന നിലയ്ക്ക് ഇയാളുടെ ജാമ്യം റദ്ദാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും പോലീസ് പറഞ്ഞിരുന്നു. നിലവില്‍ ഇയാളുടെ ജാമ്യം റദ്ദാക്കിയില്ല എന്നതാണ് ഏറെ ശ്രദ്ധേയം. ഫലത്തില്‍ പോലീസ് ഈ കേസില്‍ എടുത്ത നിലപാടുകള്‍ എല്ലാം സംശയകരമായിരുന്നു എന്ന് വ്യക്തമാവുകയാണ്.