പഞ്ചായത്തിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ; സിപിഐ അംഗത്തിനെതിരേ വനിതാ അംഗങ്ങള്‍

പഞ്ചായത്തിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ സിപിഐ അംഗത്തിനെതിരേ പഞ്ചായത്തിലെ വനിതാ അംഗങ്ങള്‍ രംഗത്ത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വനിതാ കമ്മീഷനെ സമീപിക്കുമെന്ന് അംഗങ്ങള്‍ അറിയിച്ചു. മൂന്നാര്‍ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് എല്‍ഡിഎഫ് അംഗവും സിപിഐ പ്രതിനിധിയുമായ വ്യക്തി അശ്ലീല വീഡിയോ പ്രചരിപ്പിച്ചത്.

സംഭവം വനിത അംഗങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ കണ്ടതോടെ വീടുകളില്‍ ഇത് കുടുംബപ്രശ്നങ്ങള്‍ക്ക് വഴിതെളിച്ചു. സംഭവം വിവാദമായതോടെ വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും അംഗത്തിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ അധിക്യതര്‍ തയ്യറായിട്ടില്ല. ഇതോടെയാണ് കോണ്‍ഗ്രസ് വനിത അംഗങ്ങള്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

തങ്ങളുടെ ആരോപണം പരിശോധിച്ച് വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വനിത കമ്മീഷനെ സമീപിക്കുമെന്ന് കനകമ്മ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതികരിച്ചിട്ടില്ല. 15 വര്‍ഷം കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുത്തിട്ട് മാസങ്ങള്‍ മാത്രമാണ് പിന്നിടുന്നത്. ആരോപണങ്ങള്‍ക്ക് കാരണം ഇത്തരം പ്രശ്നങ്ങളാണെന്നനാണ് ഒരു വിഭാഗം പറയുന്നത്. അതേസമയം കോണ്‍ഗ്രസ്സ് വനിതാ അംഗങ്ങള്‍ മാത്രമാണ് പ്രതികരിച്ചത്. സി പി എമ്മിന്റെ വനിതാ അംഗങ്ങള്‍ മിക്കവരും സംഭവത്തില്‍ മൗനമാണ്.