കൊല്ലത്ത് സൈനികനെയും സഹോദരനെയും പോലീസുകാര്‍ തല്ലിച്ചതച്ച സംഭവവും ഒതുക്കി തീര്‍ക്കാര്‍ ശ്രമം

മാങ്ങാ മോഷണം ഒതുക്കി തീര്‍ത്ത കേരളാ പോലീസ് സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ച സംഭവവും ഒതുക്കി തീര്‍ക്കാന്‍ ശ്രമത്തില്‍. സൈനികനും സഹോദരനും പൊലീസിനെ അക്രമിച്ചെന്ന കള്ളക്കേസെടുത്ത സംഭവത്തില്‍ പ്രതികളായ ഉദ്യോ?ഗസ്ഥര്‍ക്കെതിരായ നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കാന്‍ ആണ് ഇപ്പോള്‍ നീക്കം. മഫ്തിയിലുണ്ടായിരുന്ന പൊലീസും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് ഇരുവര്‍ക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചത്. പ്രതികാര ബുദ്ധിയോടെ പൊലീസ് അതിക്രൂരമായി ഇവരെ തല്ലിച്ചതച്ചു. കഴിഞ്ഞ ഓ?ഗസ്റ്റ് 15നാണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവന്നത്. എംഡിഎംഎ കേസ് പ്രതികളെ കാണാനായി രണ്ട് യുവാക്കളെത്തി, പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എഎസ്‌ഐയെ ആക്രമിക്കുന്നു എന്ന രീതിയിലായിരുന്നു വാര്‍ത്ത.

എന്നാല്‍ കേസ് വ്യാജമാണെന്ന് തെളിയിക്കുന്ന കിളികൊല്ലൂര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സൈനികനായ വിഷ്ണു ബൈക്കില്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതിരുന്നതിനെ ചൊല്ലി എഎസ്‌ഐ യുമായി ഉണ്ടായ തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഉദ്യോഗസ്ഥന്‍ സമ്മതിക്കുന്ന വീഡിയോയാണ് പുറത്തായത്. എഎസ്‌ഐ ഷര്‍ട്ടില്‍ പിടിച്ചു കീറിയെന്ന പരാതി പറയാന്‍ സൈനികന്‍ വനിത എസ്.ഐയുടെ അടുക്കല്‍ എത്തുകയായിരുന്നുവെന്നും സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍. പുറത്തു നിന്നുണ്ടായ അക്രമണത്തിലാണ് യുവാക്കള്‍ക്ക് പരിക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്. ”പൊലീസ് പറയുന്ന കള്ളക്കഥയാണിതെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. ജില്ലാമജിസ്‌ട്രേറ്റിന് കൊടുത്ത മൊഴിയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്, അന്ന് രാത്രി മെഡിക്കലിനായി ഡോക്ടറുടെ അടുത്ത് കൊണ്ടുപോകുന്ന സമയത്ത് അവരെന്നെ ഭീഷണിപ്പെടുത്തി, നിന്നെ കൊന്നുകളയും മര്യാദക്ക് ഞങ്ങള്‍ക്ക് അനുകൂലമായി പറയണം എന്ന് പറഞ്ഞു. പറയാനുള്ള കള്ളം വരെ അവരെനിക്ക് പറഞ്ഞു തന്നു. ആരെങ്കിലും അടിച്ചതാണെന്നോ വണ്ടിയില്‍ നിന്ന് വീണതാണെന്നോ പറയണം. അല്ലെങ്കില്‍ ജീവിതം തുലച്ചു തരും എന്നും പറഞ്ഞു.” പൊലീസ് മര്‍ദ്ദനത്തിനിരയായ വിഘ്‌നേഷ് പറയുന്നു.

ഈ മാസമാണ് വിഘ്‌നേഷിന് ജോലിക്ക് വേണ്ടിയുള്ള ഫിസിക്കല്‍ ടെസ്റ്റ്. അതില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഈ യുവാവ്. മാത്രമല്ല, സഹോദരന്‍ വിഷ്ണുവിന്റെ വിവാഹവും മുടങ്ങി. മക്കളുടെ ജീവിതം തകര്‍ത്ത പൊലീസിനെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ അമ്മയുടെ ആവശ്യം. തന്നെയും ചേട്ടനെയും പട്ടിയെപ്പോലെ തല്ലിച്ചതച്ചെന്നും സൈനികനാണെന്ന് പറഞ്ഞപ്പോള്‍ വിഷ്ണുവിന്റെ ചെകിട്ടത്തടിച്ചെന്നും വിഘ്നേഷ് പറഞ്ഞു. വിഷ്ണുവിന്റെ കാഞ്ചി വലിക്കുന്ന വിരല്‍ തല്ലിയൊടിച്ചു. അടിവസ്ത്രം മാത്രമിട്ട് വനിതാ പൊലീസുകാരുടെ മുന്നിലിട്ടായിരുന്നു ക്രൂരമര്‍ദനമെന്നും വിഘ്നേഷ് പറയുന്നു.