സ്വര്‍ണ്ണം കടത്തുന്നതില്‍ പുതിയ കണ്ടെത്തലുകളുമായി മലയാളീസ് ; ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ സ്വര്‍ണ തോര്‍ത്തുകളുമായി പിടിയില്‍
വിദേശത്തു നിന്നും സ്വര്‍ണ്ണം കടത്താന്‍ പുതിയ പുതിയ വഴികള്‍ കണ്ടെത്തുകയാണ് നമ്മള്‍ മലയാളികള്‍. എയര്‍ കസ്റ്റംസിനെ കബളിപ്പിക്കാന്‍ വേണ്ടിയാണു സ്വര്‍ണ്ണക്കടത്തിന് പുതിയ രീതി കണ്ടെത്തിയത്. സ്വര്‍ണ തോര്‍ത്തുകളുമായി ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ നെടുമ്പാശ്ശേരിയില്‍ വെച്ച് പിടിയിലായപ്പോഴാണ് പുതിയ കണ്ടു പിടിത്തം ലോകം അറിഞ്ഞത്. തൃശ്ശൂര്‍ സ്വദേശിയായ ഫഹദ് (26) ആണ് സ്വര്‍ണ്ണം കടത്താന്‍ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിലായത്.
ഈ മാസം 10ന് ദുബായില്‍ നിന്നും (എസ് ജി 54) സ്പൈസ് ജെറ്റിലാണ് ഇയാള്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്. ദ്രാവക രൂപത്തിലുള്ള സ്വര്‍ണ്ണത്തില്‍ തോര്‍ത്തുകള്‍ (ബാത്ത് ടൗവ്വലുകള്‍) മുക്കിയെടുത്തശേഷം ഇവ നന്നായി പായ്ക്ക് ചെയ്ത് സ്വര്‍ണ്ണം കടത്താനാണ് ഫഹദ് ശ്രമിച്ചത്. ഒരാഴ്ച്ച മുമ്പ് കരിപ്പൂരിലും വന്‍ സ്വര്‍ണ്ണ വേട്ട നടന്നിരുന്നു. 41.70 ലക്ഷം രൂപയുടെ സ്വര്‍ണമാണ് അന്ന് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് എയര്‍കാര്‍ഗോ കോംപ്ലക്‌സ് വഴി കേക്ക് നിര്‍മിക്കുവാന്‍ ഉപയോഗിക്കുന്ന റോളറിലൂടെ കടത്തുവാന്‍ ശ്രമിച്ച ഏകദേശം 1കിലോയോളം സ്വര്‍ണമാണ് എയര്‍കാര്‍ഗോ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മലപ്പുറം തിരൂര്‍ക്കാട് സ്വദേശിയായ സെല്‍വം (24) ദുബായില്‍ നിന്നു ഇറക്കുമതി ചെയ്ത ബാഗേജില്‍ ഉണ്ടായിരുന്ന റോളറിന്റെ കൈപിടിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.