എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം

ഒളിവില്‍ ആയിരുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും കോടതിയില്‍ സറണ്ടര്‍ ചെയ്യണം, ശനിയാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം, സോഷ്യല്‍ മീഡിയയില്‍ പ്രകോപന പരമായ പോസ്റ്റിടരുത്, കേരളം വിടരുത് എന്നീ ഉപാധികളോടെയാണ് എല്‍ദോസിന് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. യുവതിയെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ചെയ്തതിനാണ് പൊലീസ് ആദ്യം കേസെടുത്തത്. യുവതി തുടര്‍ന്ന് നല്‍കിയ മൊഴിയിലാണ് ബലാത്സംഗം വകുപ്പ് കൂടി ചുമത്തിയത്. ഇതിന് ശേഷമാണ് ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായത്.

ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് എല്‍ദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തിയത്. എല്‍ദോസിനെതിരെ കൂടുതല്‍ വകുപ്പ് ചുമത്തിയ കാര്യം പൊലീസ് കോടതിയെ അറിയിച്ചുണ്ട്. യുവതിയെ തട്ടിക്കൊണ്ട് പോയി ദേഹോപദ്രവമേല്‍പ്പിക്കല്‍, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് നിലവില്‍ എംഎല്‍എയ്ക്ക് മേലുള്ളത്. അതേസമയം പീഡനക്കേസില്‍ താന്‍ നിരപരാധിയാണെന്നും സംഭവം രാഷ്ട്രീയപ്രേരിതമാണെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ. നടപടിക്കു മുന്‍പ് തന്റെ ഭാഗം കേള്‍ക്കണം എന്ന് കെപിസിസി നേതൃത്വത്തോട് എം.എല്‍.എ അഭിഭാഷകന്‍ മുഖേനെ ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ചതിന് ശേഷം വിശദമായ വിശദീകരണം നല്‍കാനാണ് തീരുമാനം. പരാതിക്കാരിക്കെതിരായ കേസുകളുടെ വിവരങ്ങളും എല്‍ദോസ് കെപിസിസിക്ക് കൈമാറിയിട്ടുണ്ട്. ഒളിവില്‍പ്പോയതല്ലെന്നും അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ മാറി നില്‍ക്കുന്നതാണെന്നും അദ്ദേഹം നേതൃത്തത്തോട് പറയുന്നു.

‘പി ആര്‍ ഏജന്‍സി ജീവനക്കാരി എന്ന നിലയിലാണ് യുവതി തന്നെ പരിചയപ്പെട്ടത്. പല എം.എല്‍.എമാരുടെയും സമൂഹ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് തങ്ങള്‍ ആണെന്നും യുവതി പറഞ്ഞു. ആ നിലയിലാണ് പരിചയം. യുവതിക്കെതിരെ നിരവധി കേസുകള്‍ ഉണ്ട്’. – ഇത്തരം ആക്ഷേപങ്ങളാണ് പരാതിക്കാരിയായ യുവതിക്കെതിരെ എല്‍ദോസ് ഉന്നയിക്കുന്നത്. എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വിശദീകരിച്ചിരുന്നു. എല്‍ദോസ് വിശദീകരണം നല്‍കിയത് അഭിഭാഷകന്‍ മുഖേനെയാണ്. അദ്ദേഹം നേരിട്ട് മറുപടി നല്‍കാത്തത് കുറ്റകരമാണ്. എംഎല്‍എയുടെ ഭാഗത്ത് തെറ്റുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എംഎല്‍എയുടെ മറുപടി വായിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും, അത് പരിശോധിച്ച് മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്‍ദോസിന്റെ നടപടി ന്യായീകരിക്കുന്നില്ല. എല്‍ദോസിന്റെ നടപടി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നത് സത്യമാണ്. പാര്‍ട്ടിക്ക് ക്ഷീണമായി. വിശദീകരണം പരിശോധിച്ച് ശേഷം പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്ത് നടപടി ഉണ്ടാകും. കോടതി എന്ത് നിലപാട് സ്വീകരിച്ചാലും പാര്‍ട്ടി നടപടിയുണ്ടാകുമെന്നും സുധാകരന്‍ വ്യക്തമാക്കി.