എ.കെ.ജി സെന്റര്‍ ആക്രമണം ; താന്‍ ആ സമയത്ത് യൂബര്‍ ഓടുകയായിരുന്നു എന്ന് പ്രതി

പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന് എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന്‍. കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ കയറിയിറങ്ങി. സര്‍ക്കാരിന്റെയും പൊലീസിന്റെയും ഗൂഢാലോചനയാണ് നടന്നതെന്നും അതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് പൂജപ്പുര ജയിലില്‍നിന്നും മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിതിന്‍.

ഗൗരീശപട്ടത്ത് പോയത് ഊബര്‍ ഗൗരീശപട്ടത്ത് പോയത് ഊബര്‍ ഓടാനാണ്. സ്‌കൂട്ടറിനെക്കുറിച്ചറിയില്ല. വീട്ടുകാരെ നോവിക്കുമെന്ന് പറഞ്ഞു. ?ഗൂഢാലചനക്കെതിരെയും സംഭവത്തില്‍ തനിക്കുണ്ടായ അപമാനത്തില്‍ നഷ്ടപരിഹാരത്തിനും വേണ്ടി നിയമപരമായി മുന്നോട്ട് പോകും. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള പങ്കും ഇല്ല. ഞാന്‍ ആ സമയത്ത് യൂബര്‍ ഓടുകയായിരുന്നു. അതുവച്ചാണ് എന്നെ കുടുക്കിയത്. ഞാന്‍ ആ പരിസരത്ത് ഒരിടത്തും പോയിട്ടില്ലെന്നും ജിതിന്‍ പറഞ്ഞു.

ഗൗരീശപട്ടത്ത് വന്ന് ഒരു ട്രിപ്പ് വിട്ട് അടുത്ത ട്രിപ്പ് എടുക്കാന്‍ കുമാരപുരത്തേക്ക് പോകുകയായിരുന്നു. താന്‍ അക്കാര്യം പൊലീസിനോട് പറഞ്ഞിരുന്നു. യൂബറിന്റെ ആപ്പില്‍ അതുണ്ട്. ആ ട്രിപ്പ് എടുത്തിട്ട് ഞാന്‍ പോയത് പാളയത്തോ സെക്രട്ടറിയേറ്റോ ആണ്. അതിന്റെ വിവരങ്ങളും അതില്‍ ഉണ്ട്. സ്‌കൂട്ടറുമായിട്ട് എനിക്ക് ഒരു ബന്ധവുമില്ല. ഞാന്‍ കാറിലാണ് വന്നതെന്നും ജിതിന്‍ പറഞ്ഞു. അതേസമയം ജിതിന് ജാമ്യം കിട്ടിയതിന് പിന്നാലെ പൊലീസിനെയും സിപിഎമ്മിനെയും പരിഹസിച്ചും കോടതിയെ പ്രശംസിച്ചും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത് വന്നു. കെട്ടിചമച്ച വ്യാജതെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജിതിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി നീതിന്യായ വ്യവസ്ഥതയുടെ യശസ്സ് ഉയര്‍ത്തുന്നതാണെന്ന് സുധാകരന്‍ പറഞ്ഞു.

കേസിലെ പ്രതികളെ കിട്ടണമെങ്കില്‍ സംഭവം നടക്കുന്നതിന് മുന്‍പും അതിന് ശേഷവുമുള്ള സിപിഎം നേതാക്കളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാല്‍ മതിയെന്നും പക്ഷേ അതിനുള്ള നട്ടെല്ലും ചങ്കുറപ്പും പൊലീസിനില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു. കള്ളക്കേസിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ ഇട്ടുതരില്ലെന്നും അവരുടെ നിരപരാധിത്വം തെളിയിക്കുന്നത് വരെ കെ പി സി സി ശക്തമായ നിയമപോരാട്ടം നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.