കാസര്‍ഗോഡ് ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നു വീണു ; 40 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

കാസര്‍ഗോഡ് : മഞ്ചേശ്വരം ബേക്കൂരില്‍ സ്‌കൂള്‍ ശാസ്ത്ര -പ്രവര്‍ത്തി പരിചയമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വീണ് വിദ്യാര്‍ത്ഥികളടക്കം 40 പേര്‍ക്ക് പരിക്ക്. ഇരുമ്പ് തൂണില്‍ തകിട് പാകി നിര്‍മ്മിച്ച പന്തലാണ് ഉച്ചയക്ക് ഒന്നരയോടെ തകര്‍ന്നുവീണത്. 9 കുട്ടികള്‍ മംഗളൂരുവിലും 5 അധ്യാപകര്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്. പന്തല്‍ നിര്‍മ്മാണത്തിലെ അപാകതയാണ് തകര്‍ന്നു വീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഉച്ചഭക്ഷണത്തിന്റെ സമയം ആയതിനാല്‍ തന്നെ പല കുട്ടികളും ഭക്ഷണശാലയിലായിരുന്നു. അതുകൊണ്ട് തന്നെ അപകടത്തിന്റെ തോത് കുറഞ്ഞത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അതേസമയം ഗുരുതരമായി പരുക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്. ഇന്നലെയാണ് ബേക്കൂര്‍ സ്‌കൂളില്‍ ശാസ്ത്രമേള തുടങ്ങിയത്.