നടി പാര്‍വതി നായരുടെ വീട്ടില്‍ വന്‍ മോഷണം ; പിന്നില്‍ വീട്ടു ജോലിക്കാരന്‍ എന്ന് സംശയം

മോഹന്‍ലാലിന്റെ നീരാളിയിലൂടെ മലയാളികള്‍ക്ക് പരിചതയായ നടി പാര്‍വതി നായരുടെ വീട്ടില്‍ വന്‍ മോഷണം. ആഡംബര വാച്ചുകളും ലാപ്‌ടോപ്പും മൊബൈലും ഉള്‍പ്പടെ ലക്ഷകണക്കിന് രൂപ വിലവരുന്ന സാധനങ്ങള്‍ നഷ്ടമായി. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടി താമസിക്കുന്ന ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സിനിമ ഷൂട്ടിങുമായി ബന്ധപ്പെട്ട് ഒരാഴ്ചയോളം പാര്‍വതി സ്ഥലത്തില്ലായിരുന്നു. തിരികെ എത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്നെന്ന് വ്യക്തമായത്. ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന വാച്ചുകള്‍, രണ്ട് ലക്ഷം രൂപയുടെ ലാപ്ടോപ്, 1.3 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ എന്നിവയാണ് നഷ്ടപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് നടി പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണം നടന്നതിന് പിന്നാലെ വീട്ടുജോലിക്കാരനായ പുതുക്കോട്ട സ്വദേശി ബോസിനെ (30) കാണാതായിട്ടുണ്ട്. ഇയാളെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചിട്ടില്ല. ഇയാളായിരിക്കും മോഷ്ടവെന്നാണ് പൊലീസ് സംശയിക്കുന്നത്. അല്ലെങ്കില്‍ ഇയാളുടെ സഹായത്തോടെ പുറത്തുനിന്ന് എത്തിയ ആരെങ്കിലും മോഷണം നടത്തിയതാകാമെന്നും പൊലീസ് പറയുന്നു.

വി. കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയാണ് മോഡല്‍ കൂടിയായ പാര്‍വതി സിനിമയിലെത്തുന്നത്. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. കമല്‍ഹാസനൊപ്പം ഉത്തമവില്ലന്‍, അജിത്തിനൊപ്പം യെന്നൈ അറിന്താല്‍, മോഹന്‍ലാലിനൊപ്പം നീരാളി തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളില്‍ വേഷമിട്ടു. മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പ് നിമിറില്‍ അനുശ്രീ ചെയ്ത റോളില്‍ എത്തിയത് പാര്‍വതിയായിരുന്നു. രണ്‍വീര്‍ സിങ് നായകനായെത്തിയ 83 എന്ന ബോളിവുഡ് സിനിമയില്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കറുടെ ഭാര്യ മാര്‍ഷ്നൈല്‍ ഗവാസ്‌കറായി അഭിനയിച്ചതും പാര്‍വതി നായരായിരുന്നു.