ചരിത്രമെഴുതി ഐഎസ്ആര്‍ഒ; എല്‍.വി.എം3 വിക്ഷേപണം വിജയത്തില്‍ 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലേക്ക്

ശ്രീഹരിക്കോട്ട: ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ ‘വണ്‍ വെബി’ന്റെ 36 ഉപഗ്രഹങ്ങളും വഹിച്ച് ഐ.എസ്.ആര്‍.ഒ.യുടെ എല്‍.വി.എം.3 റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. വിക്ഷേപണം വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

എല്‍.വി.എം.3 സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് കുതിച്ചുയര്‍ന്നതോടെ ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുതിയ ചരിത്രമാണ് രചിക്കപ്പെട്ടത്. 5400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തുന്നതോടെ ഐ.എസ്.ആര്‍.ഒയ്ക്ക് അത് അഭിമാന നിമിഷം. ഇന്ത്യന്‍ മണ്ണില്‍നിന്ന് ഇത്രയും ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതും ആദ്യമാണ്.

ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ (എല്‍.വി.എം.3) എന്നു പേരുമാറ്റിയ ജി.എസ്.എല്‍.വി. റോക്കറ്റ് ഉപയോഗിച്ച് ഐ.എസ്.ആര്‍.ഒ. നടത്തുന്ന ആദ്യത്തെ വാണിജ്യ വിക്ഷേപണമാണിത്. 10 ടണ്‍വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂമിയോട് അടുത്ത ഭ്രമണപഥത്തിലെത്തിക്കാന്‍ എല്‍.വി.എം.3 റോക്കറ്റിന് ശേഷിയുണ്ട്.

വണ്‍വെബ്ബിന്റെ ബ്രോഡ്ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നെറ്റ് വര്‍ക്ക് ആക്സസ് അസോസിയേറ്റഡ് ലിമിറ്റഡും (വണ്‍വെബ്ബ്) ഐ.എസ്.ആര്‍.ഒയുടെ സഹ സ്ഥാപനമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും തമ്മില്‍ കരാറിലെത്തിയിരുന്നു. ആറ് ടണ്‍ ഭാരമുള്ള പേലോഡ് ആണ് വിക്ഷേപിക്കുക. 2023 ജനുവരിയില്‍ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും.

ഇന്ത്യയുടെ ഭാരതി ഗ്ലോബലും യുകെ സര്‍ക്കാരും സംയോജിച്ചുള്ള സംരംഭമാണ് വണ്‍ വെബ്ബ്. 650 ഉപഗ്രഹങ്ങള്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിക്ഷേപിക്കുകയും അവയുടെ പിന്‍ബലത്തില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം എത്തിക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യം.