കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന് പ്രചാരണം ; നിഷേധിച്ച് ആരോഗ്യ മന്ത്രാലയം
കൊവിഡ് 19ന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ആഴ്ചകളില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ താഴ്ന്ന നിലയിലാണ്. എന്നാല്‍ ശൈത്യകാലമായതിനാല്‍ ഇന്‍ഫ്ലുവന്‍സ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പക്ഷെ കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
50 വയസ്സിന് മുകളിലുള്ളവര്‍, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍, ഹൃദ്രോഗമുള്ളവര്‍, നാഡീ സംബന്ധമായ രോഗങ്ങളുള്ളവര്‍, രക്ത സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ പ്രമേഹം, അമിതവണ്ണമുള്ളവര്‍, കുട്ടികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ഇന്‍ഫ്ലുവന്‍സ വാക്സിന് സൗജന്യമായി നല്‍കുന്നുണ്ട്. കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.