ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്പം പിപ്പിടിയാകാം ; കൈരളി, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ എന്നിവരെ വാര്‍ത്താസമ്മേളത്തില്‍ ഒഴിവാക്കി ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ പിപ്പിടി പ്രയോഗം പരാമര്‍ശിച്ച് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം. ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്‍പം പിപ്പിടിയാകാമെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തനം എന്ന നിലയില്‍ ചിലര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണെന്നും കടക്കു പുറത്തെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാധ്യമ സിന്‍ഡിക്കേറ്റ് എന്നു പറഞ്ഞതും ഭരണ പക്ഷത്ത് ഇരിക്കുമ്പോള്‍ കടക്ക് പുറത്തെന്നും പറഞ്ഞതും താനല്ല. മാധ്യമങ്ങളോട് തനിക്കെന്നും ബഹുമാനമാണ്. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ അത്യാവശ്യ ഘടകമാണ്. എന്നാല്‍ മാധ്യമ പ്രവര്‍ത്തനം പാര്‍ട്ടി പ്രവര്‍ത്തനമായി കാണുന്നവരോട് പ്രതികരിക്കാനില്ല എന്നാണ് പറഞ്ഞത്. അധികാര ദുര്‍വിനിയോഗം നടത്തിയത് താനല്ല, വിസിമാരാണ്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിയ്ക്കാന്‍ മാധ്യമങ്ങള്‍ക്ക് ധൈര്യം ഇല്ലാത്ത സ്ഥിതിയാണ്.

സാങ്കേതിക സര്‍വകലാശാല വിസി നിയമനം ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയത് സുപ്രീം കോടതിയാണ്. വിസി നല്ല നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കെടിയു വിസിക്ക് ആവശ്യമായ യോഗ്യതയുണ്ടായിരുന്നു. അവരെ തെരെഞ്ഞെടുത്ത രീതി തെറ്റാണെന്നാണ് കോടതി പറഞ്ഞത്. വൈസ് ചാന്‍സലര്‍മാരെ നിയന്ത്രിക്കുന്നത് എല്‍ ഡി എഫാണെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. അതേസമയം നാല് മാധ്യമങ്ങളെ പ്രത്യേക വാര്‍ത്താസമ്മേളത്തില്‍ പങ്കെടുപ്പിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറായില്ല. ചില മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ കൊടുത്ത വാര്‍ത്ത ആവശ്യപ്പെട്ടിട്ടും തിരുത്താന്‍ തയ്യാറായില്ലെന്നും അതാണ് അവരെ ഒഴിവാക്കാന്‍ കാരണമെന്നുമാണ് ഗവര്‍ണര്‍ നല്‍കിയ വിശദീകരിച്ചു.

രാജ് ഭവനുമായി ബന്ധപ്പെട്ട് തെറ്റായ രീതിയില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയുണ്ടായി. രാജ് ഭവന്‍ പിആര്‍ഒ ആവശ്യപെട്ടിട്ടും തിരുത്താന്‍ അവര്‍ തയ്യാറായില്ല. അതുകൊണ്ടാണ് അത്തരം മാധ്യമങ്ങളെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്. പാര്‍ട്ടി കേഡറുകളെ താന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനുദ്ദേശിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ചില വിഷയങ്ങളില്‍ വിശദീകരണം നല്‍കാനാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്. എന്നാല്‍ താന്‍ പറയുന്നതിനെ ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. കൈരളി, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ എന്നീ മാധ്യമങ്ങളെയാണ് ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത്. അനുമതി ചോദിച്ചിട്ടും രാജ്ഭവന്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. മാധ്യമങ്ങളോടുള്ള വിവേചനത്തില്‍ ഇതിനോടകം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നാല് മാധ്യമങ്ങള്‍ക്ക് മാത്രം പ്രവേശനം നിഷേധിച്ചത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. ഗവര്‍ണറുടെ കസേരയിലിരുന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നത് ശരിയല്ലെന്നും എല്ലാവരെയും ഒരു പോലെ കാണണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.