ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഇന്ത്യന്‍ വംശജന്‍ റിഷി സുനക്

ഇന്ത്യന്‍ വംശജനായ റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായി ചരിത്രത്തിലിടം പിടിക്കുകയാണ് റിഷി സുനക്. മത്സരിക്കാന്‍ ഒരുങ്ങിയ പെന്നി മോര്‍ഡന്റിന് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് റിഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും നേരത്തെ മത്സരത്തില്‍ നിന്നും പിന്മാറിയിരുന്നു. 357 കണ്‍സര്‍വേറ്റീവ് എംപിമാരില്‍ പകുതിയില്‍ ഏറെപ്പേരും റിഷി സുനകിനെ പിന്തുണച്ചു. ലിസ് ട്രസ് രാജിവെച്ചതോടെയാണ് റിഷി സുനക് ബ്രിട്ടന്റെ നേതൃസ്ഥാനത്തേക്കെത്തിയത്. ബോറിസ് ജോണ്‍സണ്‍, തെരേസ മേ മന്ത്രിസഭകളില്‍ അംഗമായിരുന്ന റിഷി സുനക് നാല്‍പ്പത്തി രണ്ടാം വയസിലാണ് ബ്രിട്ടന്റെ പ്രധാനമന്ത്രി കസേരയില്‍ എത്തുന്നത്. സാമ്പത്തിക രംഗം പ്രതിസന്ധിയിലായ ബ്രിട്ടനെ നയിക്കുകയെന്ന ദുഷ്‌കരമായ ദൗത്യമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.

ബ്രിട്ടനിലെ അതിസമ്പന്നരില്‍ ഒരാളാണ് റിഷി സുനക്. സ്വാതന്ത്ര്യത്തിന് മുമ്പ് പഞ്ചാബില്‍ നിന്ന് ആഫ്രിക്കയിലേക്ക് കുടിയേറിയ കുടുംബമാണ് റിഷിയുടെത്. ഫാര്‍മസിസ്റ്റായ ഉഷാ സുനക്കിന്റെയും നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ജനറല്‍ പ്രാക്ടീഷണറായ യാഷ് വീറിന്റെയും മകനായാണ് ബ്രിട്ടനിലെ സതാംപ്ടണില്‍ സുനക് ജനിച്ചത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയെ വിവാഹം കഴിച്ചു. കൃഷ്ണ, അനൗഷ്‌ക എന്നിവരാണ് മക്കള്‍. 2015 ലാണ് റിഷി സുനക് ആദ്യമായി എംപിയായത്. ബ്രെക്‌സിറ്റിനെ പിന്തുണച്ച പ്രധാന നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തന്റെ നേതൃത്വത്തിനെതിരെ തുറന്ന കലാപത്തെത്തുടര്‍ന്ന് 45 ദിവസത്തെ ഭരണത്തിന് ശേഷം ലിസ് ട്രസ് ഈ ആഴ്ച ആദ്യം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ”ഞങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കാനുള്ള അവസരമാണ് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്,” – ഋഷി സുനക് പറഞ്ഞു.