പേയ്‌മെന്റ് ആപ്പിന് വേണ്ടിയുള്ള ഇടപെടല്‍ പണിയായി ; ഗൂഗിളിന് 936 കോടിയുടെ പിഴ

ആഗോള ടെക് ഭീമനായ ഗൂഗിളിന് വീണ്ടും വന്‍ തുക പിഴ. 936 കോടി രൂപയാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (CCI) പിഴയിട്ടത്. ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പ് കൂടുതല്‍ ഉപയോഗിക്കാന്‍ ഇടപെടല്‍ നടത്തിയെന്ന് കണ്ടെത്തിയതിനാലാണ് നടപടി. പ്ലേ സ്റ്റോറിലും കമ്പനിയുടെ താല്‍പര്യത്തിനനുസരിച്ച് ക്രമീകരണം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. സമയബന്ധിതമായി ഇക്കാര്യത്തില്‍ മാറ്റം വരുത്തണമെന്ന് സി സി ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പും കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഗൂഗിളിന് വന്‍ തുക പിഴിയിട്ടിരുന്നു. അന്ന് 1337 കോടി രൂപയാണ് പിഴ ചുമത്തിയത്.

വിവിധ കുറ്റങ്ങളാണ് സി സി ഐ ഗുഗിളിനെതിരെ കണ്ടെത്തിയത്. ഗൂഗിള്‍ പ്ലേ ബിലങ് സിസ്റ്റം ഉപയോഗിക്കാത്ത ആപ്പുകള്‍ക്ക് പ്ലേസ്റ്റോറില്‍ ഇടം നല്‍കിയില്ലെന്നതാണ് അക്കൂട്ടത്തില്‍ പ്രധാനമായത്. ഗൂഗിളിന്റെ സ്വന്തം ജി പേയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയതും ഇവര്‍ക്ക് തിരിച്ചടിയായി. കമ്പനിയുടെ വിപണിയിലെ മേധാവിത്വം വാണിജ്യ താല്‍പര്യത്തിന് ഉപയോഗിച്ചു എന്നതിനാല്‍ പിഴ അടയ്ക്കണമെന്നാണ് സി സി ഐ അറിയിച്ചത്. അതേസമയം നേരത്തെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഗൂഗിള്‍ വാണിജ്യ താല്‍പര്യത്തിന് ദുരുപയോഗിച്ചു എന്ന് കണ്ടെത്തിയതിനാണ് കഴിഞ്ഞ ദിവസം സി സി ഐ ഗൂഗിളിന് പിഴ ചുമത്തിയത്. കുറ്റത്തിന് 1337 കോടി രൂപയാണ് പിഴയായി അടയ്ക്കാന്‍ സി സി ഐ ആവശ്യപ്പെട്ടിട്ടുള്ളത്.