ഇത് ചരിത്ര നിമിഷം ; ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ് ഋഷി സുനക്
ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തു ഇന്ത്യന്‍ വംശജന്‍ ഋഷി സുനക്. ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ ഋഷി സുനകിനെ ചാള്‍സ് മൂന്നാമന്‍ രാജാവാണ് പ്രധാനമന്ത്രിയായി നിയമിച്ചത്. ഈ വര്‍ഷം ബ്രിട്ടന് ലഭിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഋഷി. ബോറിസ് ജോണ്‍സണ്‍ രാജിവെച്ചതിന് പിന്നാലെ ലിസ് ട്രസ് അധികാരം ഏറ്റിരുന്നു. എന്നാല്‍ 45 ദിവസത്തെ ഭരണത്തിന് ശേഷം ലിസ് ട്രസും സ്ഥാനം രാജിവെച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുഖ്യ എതിരാളിയായിരുന്ന പെന്നി മോര്‍ഡന്റ് പിന്‍മാറിയതോടെയാണ് ഋഷി സുനകിന് പ്രധാനമന്ത്രി പദത്തിലേക്ക് വഴിതുറന്നത്.
അടുത്ത രണ്ടു വര്‍ഷം വരെ ഋഷി സുനകിന് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാം. 2024ലാണ് ബ്രിട്ടനില്‍ ഇനി പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിയിലെത്തിയ ഋഷി സുനക് രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രിയായതിനു പിന്നാലെ മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചയും നടക്കുകയാണ്.