പാട്ടു മോഷണം ; കാന്താര സിനിമയ്ക്ക് എതിരെ തൈക്കുടം ബ്രിഡ്ജ്

കാന്താര എന്ന കന്നഡ സിനിമയിലെ ഗാനം തങ്ങളുടെ ഗാനത്തിന്റെ മോഷണമാണ് എന്ന് ആരോപിച്ചു പ്രമുഖ സംഗീത ബാന്‍ഡ് ആയ തൈക്കുടം ബ്രിഡ്ജ് രംഗത്ത്. ചിത്രത്തിലെ ഹൈലൈറ്റുകളില്‍ ഒന്നായ ‘വരാഹ രൂപം’, എന്ന ഗാനത്തിനെതിരെയാണ് കോപ്പിയടി ആരോപണം ഉയരുന്നത്. അജനീഷ് ലോകേഷ് സംഗീതം നല്‍കിയ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്നാണ് ഉയരുന്ന ആരോപണം. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് തൈക്കുടം ബ്രിഡ്ജ് കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തിരുന്നു. ‘ഞങ്ങളുടെ നവരസം പാട്ടാണ് വരാഹ രൂപത്തിന് പ്രചോദനം. അവര്‍ ചെയ്തു വന്നവസാനം നവരസത്തിലോട്ട് എന്റ് ചെയ്തതാണ്. പക്ഷേ ഞങ്ങളോട് അത് പറയുകയോ ലൈസന്‍സ് ചോദിക്കുകയോ ക്രെഡിറ്റ് തരികയോ ചെയ്യാതെയാണ് പാട്ട് റിലീസ് ചെയ്തത്.

ഇതിനെതിരെ ഒരുപാട് പേര്‍ രംഗത്തെത്തിയിട്ടും കാന്താരയുടെ ഓഫീഷ്യല്‍ പേജിനകത്തുപോലും നമുക്ക് ക്രെഡിറ്റ് തന്നിട്ടില്ല. ഞങ്ങളുടെ നവരസം പ്രചോദനമാണെന്ന് പോലും അജനീഷ് ലോകേഷ് പറഞ്ഞിട്ടില്ല. കന്നഡ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അത് റിജക്ട് ചെയ്തിട്ടുണ്ട്. ഇത്രയൊക്കെ ഞങ്ങളുടെ കണ്ടന്റ് എടുത്തിട്ടും നമുക്ക് ക്രെഡിറ്റും തന്നിട്ടില്ല, അല്ലാന്നും പറഞ്ഞു. ഇത് നവരസം തന്നെയാണല്ലോ ഇതിനകത്ത് എന്താണ് വ്യത്യാസം എന്ന് ചോദിച്ച് ഒരുപാട് സംഗീതജ്ഞരും ഞങ്ങളെ സമീപിക്കുന്നുണ്ട്. നമ്മള്‍ റൈറ്റ്‌സ് കൊടുത്തിട്ടാണ് അവര്‍ പാട്ടിറക്കിയതെന്നാണ് എല്ലാവരും വിചാരിച്ചത്. കാന്താരയുടെ പിന്നണി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടപ്പോള്‍ ഇത് ഒത്തുതീര്‍പ്പാക്കാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നു. നിലവില്‍ ഞങ്ങളുടെ അഭിഭാഷകരാണ് അവരോട് സംസാരിക്കുന്നത്. ഞങ്ങള്‍ ഒത്തിരി കഷ്ടപ്പെട്ടാണല്ലോ ആ ഗാനം പുറത്തുവിട്ടത്. അത് ആര്‍ക്കും ഫ്രീ ആയി കൊടുക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ഞങ്ങള്‍ക്ക് ക്രെഡിറ്റും നഷ്ടപരിഹാരവും തന്നേപറ്റൂ. ക്രെഡിറ്റ് ആണ് ഞങ്ങളുടെ ആദ്യ ആവശ്യം’, എന്ന് തൈക്കുടം ബ്രിഡ്ജ് പറയുന്നു.

രണ്ടു ഗാനങ്ങളുടെയും വീഡിയോ :