യുട്യൂബ് പരസ്യ വരുമാനം താഴേക്ക് ; പ്രതിസന്ധിയില്‍ ഗൂഗിള്‍
ലോകത്തിലെ മുന്‍നിര വീഡിയോ ഷെയറിങ് പ്ലാറ്റ് ഫോമായ യുട്യൂബ് പരസ്യ വരുമാനം താഴേക്ക്. ഗൂഗിളിന്റെ കീഴിലാണ് യു ട്യൂബ് വരുന്നത്. ഗൂഗിളിന്റെ അറ്റാദായത്തില്‍ ഇതുകാരണം കനത്ത ഇടിവ് രേഖപ്പെടുത്തി. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഗൂഗിളിന്റെ വരുമാനത്തിലെ ഇടിവ് കണക്കാക്കിയിരിക്കുന്നത്. രണ്ടാം പാദത്തില്‍ 13.9 ബില്യണ്‍ അറ്റാദായമാണ് കമ്പനി നേടിയത്. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം ഇടിവാണ് അറ്റാദായത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. യുട്യൂബ് വരുമാനം 7.21 ബില്യണില്‍ നിന്ന് രണ്ട് ശതമാനം കുറഞ്ഞ് 7.07 ബില്യണ്‍ ഡോളറായി.
പരസ്യ വില്പന 4 ശതമാനം വര്‍ദ്ധിച്ച് 39.5 ബില്യണ്‍ ഡോളറിലെത്തി. 41 ബില്യണ്‍ ഡോളര്‍ വരുമാനമാണ് വിദഗ്ദര്‍ പ്രതീക്ഷിച്ചിരുന്നത്. ആല്‍ഫബെറ്റിന് യുട്യൂബില്‍ നിന്നും ലഭിക്കുന്ന പരസ്യ വരുമാനം 1.9 ശതമാനം ഇടിഞ്ഞു. ഗെയിമിംഗില്‍ നിന്നുള്ള വരുമാനവും ഇത്തവണ കുറഞ്ഞിട്ടുണ്ട്. ലോകത്തിലെ ടെക് കമ്പനികള്‍ നേരിടുന്ന പ്രതിസന്ധി തന്നെയാണ് ഗൂഗിളും അഭിമുഖീകരിക്കുന്നത്. അതേസമയം, ഗൂഗിളിന് 1337.76 കോടി രൂപ പിഴ ചുമത്തി കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. ആന്‍ഡ്രോയ്ഡ് അധിഷ്ഠിതമായ മൊബൈലുകളെ വാണിജ്യ താല്‍പര്യത്തിന് അനുസരിച്ച് ഗൂഗിള്‍ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ മൊബൈല്‍ ഫോണ്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കരുതെന്നും കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഗൂഗിളിന് നിര്‍ദേശം നല്‍കി. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ സമയബന്ധിതമായി മാറ്റം വരുത്താന്‍ ഗൂഗിളിനോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഗൂഗിളിന്റെതാണ്.