രാജ്യത്ത് ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങളുമായി നോട്ടുകള്‍ ഇറക്കണം ; തീവ്ര ഹിന്ദുപക്ഷ നിലപാട് വെളിപ്പെടുത്തി അരവിന്ദ് കെജ്രിവാള്‍
തന്റെ തീവ്ര ഹിന്ദു പക്ഷ നിലപാട് വ്യക്തമാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറന്‍സി നോട്ടുകള്‍ ഇന്ത്യയില്‍ പുറത്തിറക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രി. ഒരു ഭാഗത്ത് ലക്ഷ്മിയുടെയും ഗണപതിയുടെയും മറുഭാഗത്ത് മഹാത്മാ ഗാന്ധിയുടെയും ചിത്രമുള്ള കറന്‍സി പുറത്തിറക്കാനാണ് അദ്ദേഹം അഭ്യര്‍ഥിച്ചിരിക്കുന്നത്. ഇന്തോനേഷ്യക്ക് ചെയ്യാമെങ്കില്‍ എന്ത് കൊണ്ട് നമുക്ക് ചെയ്ത് കൂടായെന്നും കെജ്രിവാള്‍ ചോദിച്ചു.
ഇന്തോനേഷ്യയുടെ 20000 റുപ്പിയ നോട്ടില്‍ ഗണേശ ഭഗവാന്റെ ചിത്രമുള്ളത് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞത്. ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യ സമര നായകന്‍മാരില്‍ ഒരാളായ കിഹാജര്‍ ദേവന്താരയുടെ ചിത്രവും ഈ കറന്‍സിയില്‍ ചേര്‍ത്തിട്ടുണ്ട്. ”എത്ര ശ്രമിച്ചിട്ടും, ദേവന്മാരും ദേവതമാരും നമ്മെ അനുഗ്രഹിക്കുന്നില്ലെങ്കില്‍ ചിലപ്പോള്‍ നമ്മുടെ പ്രയത്‌നങ്ങള്‍ ഫലവത്തായില്ലെന്നാണ് അതിന്റെ അര്‍ഥം. നമ്മുടെ കറന്‍സിയില്‍ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ഫോട്ടോകള്‍ ഉണ്ടാവണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് (മോദി) അഭ്യര്‍ത്ഥിക്കുന്നു,” കെജ്രിവാള്‍ പറഞ്ഞു.
”ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ കറന്‍സി നോട്ടില്‍ ഉണ്ടെങ്കില്‍ നമ്മുടെ രാജ്യം അഭിവൃദ്ധിപ്പെടും. ഇത് സംബന്ധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഞാന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ കറന്‍സി നോട്ടുകള്‍ നിര്‍ത്തേണ്ട ആവശ്യമില്ലെന്നും പുതുതായി അച്ചടിക്കുന്ന നോട്ടുകളില്‍ ഗണപതിയുടെയും ലക്ഷ്മീദേവിയുടെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചാല്‍ മതിയാവുമെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. സാവധാനം ഈ നോട്ടുകള്‍ പ്രചാരത്തില്‍ വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെജ്രിവാളിന്റെ അഭ്യര്‍ത്ഥന ആദ്യമേ തള്ളിയിരിക്കുകയാണ് ബി ജെ പി. ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേജ്രിവാളിന്റെ ഹൈന്ദവ പ്രേമം എന്ന് അവര്‍ പറയുന്നു.