മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല ; കൂട്ടുകാരനെ ഉറക്കത്തില്‍ തലയ്ക്കടിച്ച് കൊന്നു
മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിലുള്ള വൈരാഗ്യത്തിന് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ 44കാരന്‍ അറസ്റ്റില്‍. സൗത്ത് മുംബൈയിലാണ് സംഭവം. കൊലപാതകം നടത്തിയ ബാബാ പവാറിനെ എംആര്‍എ മാര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സുഹൃത്ത് റിയാസുദ്ദീന്‍ അന്‍സാരി (46) ആണ് കൊല്ലപ്പെട്ടത്. ബാബാ പവാര്‍ മദ്യപാനത്തിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. അന്‍സാരി ഉറങ്ങിക്കിടക്കുമ്പോള്‍ ബാബാ പവാര്‍ കല്ലെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയാണ് അന്‍സാരി. ഇരുവരും സുഹൃത്തുക്കളായിരുന്നു. ബിഎംസി മത്സ്യച്ചന്തയില്‍ ഒന്നിച്ച് ജോലിചെയ്തു വരികയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. അന്ന് തന്നെ പൊലീസ് പ്രതിയെ പിടികൂടി.
‘ബാബാ പവാര്‍ കടുത്ത മദ്യപാനിയാണ്. മറ്റുള്ളവരുമായി വഴക്കിടുന്നത് പതിവായിരുന്നു. ജോലി ചെയ്യുന്നവരുമായി പതിവായി വഴക്കുണ്ടാക്കുമായിരുന്നു. ഇരുവരും ഒന്നിച്ച് മത്സ്യ മാര്‍ക്കറ്റില്‍ തന്നെയാണ് താമസിച്ചിരുന്നത്. പവാര്‍ മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ടിരുന്നു, അന്‍സാരി പണം നല്‍കാന്‍ വിസമ്മതിച്ചു. ഇത് വലിയ തര്‍ക്കത്തിന് കാരണമായി. വഴക്കിട്ട് പിണങ്ങിപ്പോയ പവാര്‍ ഏതാനും മിനിറ്റുകള്‍ക്കുശേഷം തിരിച്ചെത്തി. ഉറങ്ങുകയായിരുന്ന അന്‍സാരിയുടെ തലയിലേക്ക് വലിയ കല്ലെടുത്ത് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്.’ പൊലീസ് പറഞ്ഞു.
കൃത്യം നടത്തിയ ശേഷം പവാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.