കേരളത്തില്‍ ഉള്ളത് ഭ്രാന്തന്‍ കമ്യൂണിസ്റ്റുകള്‍ ; സര്‍ക്കാരിനെ പിരിച്ചുവിടണമെന്നു സുബ്രഹ്മണ്യം സ്വാമി
ഗവര്‍ണറെ തൊട്ടാല്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ‘കേരള ഗവര്‍ണര്‍ രാജ്യത്തെയും രാഷ്ട്രപതിയെയും അതുവഴി ഭരണഘടനയിലെ കേന്ദ്രത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് കേരളത്തിലെ ഭ്രാന്തന്‍ കമ്യൂണിസ്റ്റുകള്‍ മനസിലാക്കണം. ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുന്നു’. സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. കേരളത്തിലെ വിവിധ വിഷയങ്ങളില്‍ ഇടപെടുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുക്കയും ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യമായി സര്‍ക്കാരും ഇടതുമുന്നണിയും രംഗത്തെത്തിയിരുന്നു. ഇതിനെ രൂക്ഷമായ ഭാഷയിലാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചത്.
ഗവര്‍ണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാല്‍ കേരള സര്‍ക്കാരിനെ പ്രധാനമന്ത്രി പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിലൂടെ ആവശ്യപ്പെടുകയായിരുന്നു. അതേസമയം സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ് ഇതിനോടകം വലിയ ചര്‍ച്ചയായി മാറി കഴിഞ്ഞു. നിരവധി പേരാണ് ഈ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നത്. ‘നിങ്ങളെ നിരാശരാക്കുന്നില്ല, പക്ഷേ കേരളത്തിലെ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടാലും അടുത്ത 100 വര്‍ഷത്തേക്ക് കേരളത്തില്‍ ഒരു സീറ്റില്‍ പോലും സംഘികള്‍ വിജയിക്കില്ല. ഗവര്‍ണര്‍ തന്റെ അധികാരം ലംഘിച്ചാല്‍ ശക്തമായ നിയമ-നിയമനിര്‍മ്മാണ പ്രതികരണമുണ്ടാകും. അദ്ദേഹമിപ്പോള്‍ രാഷ്ട്രപതിയുടെ പ്രതിനിധിയാണേലും അല്ലേലും’. ഒരാള്‍ കമന്റായി കുറിച്ചു.