പുകവലി നിര്‍ത്താന്‍ പുരുഷന്മാരെക്കാള്‍ ബുദ്ധിമുട്ടുന്നത് സ്ത്രീകള്‍

ശരീരത്തിന് ഏറെ ഹാനികരമായ ഒരു ദുശീലമാണ് പുകവലി. അടിമപ്പെട്ട് കഴിഞ്ഞാല്‍ ഇതില്‍ നിന്ന് പുറത്തേക്ക് വരിക എന്നത് ഏറെ പ്രയാസമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ചു നമ്മുടെ നാട്ടില്‍ സ്ത്രീകളിലും പുകവലി ശീലം ഏറെ കൂടുതലാണ് ഇപ്പോള്‍. പുരുഷന്മാര്‍ക്ക് ആകാമെങ്കില്‍ ഞങ്ങള്‍ക്കും ആകാം എന്ന ചിന്താഗതിയാണ് പല സ്ത്രീകള്‍ക്കും. എന്നാല്‍ മനുഷ്യര്‍ക്ക് തന്നെ ഏറെ ഭീഷണിയാണ് പുകവലി എന്നതാണ് സത്യം.പലരും ഈ ശീലം നിര്‍ത്തലാക്കാന്‍ ശ്രമിക്കാറുണ്ട് എങ്കിലും പലര്‍ക്കും അതിനു കഴിയാത്ത സ്ഥിതിയാണ്. ഇപ്പോളിതാ പുകവലി നിര്‍ത്താന്‍ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിമുട്ടുന്നത് സ്ത്രീകള്‍ ആണെന്ന് കണ്ടെത്തിരിക്കുകയാണ് സ്വീഡനിലെ ഊപ്‌സാല സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍.

സ്ത്രീകളുടെ തലച്ചോറിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉത്പാദന സംവിധാനത്തെ പുകവലി ബാധിക്കുന്നുണ്ട്. ഈ മാറ്റം ഒരു സിഗരറ്റ് വലിക്കുമ്പോള്‍ പോലും പ്രകടമാണ് എന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍പു തന്നെ പഠനങ്ങളില്‍ നിന്ന് തന്നെ വ്യക്തമായ കാര്യമാണ് നികോട്ടിനോട് സ്ത്രീശരീരവും പുരുഷ ശരീരവും വ്യത്യസ്തമായ രീതിയിലാണ് എന്നത്. പുകവലി നിയന്ത്രിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍ സ്ത്രീകളില്‍ ഫലവത്താവാന്‍ പുരുഷന്മാരെ അപേക്ഷിച്ച് പ്രയാസമാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. പുകവലി ശീലത്തിലേക്ക് തിരികെ വരാനുള്ള പ്രവണതയും സ്ത്രീകളില്‍ കൂടുതലാണ്.

ഗവേഷണത്തിനായി ആരോഗ്യവതികളായ സ്ത്രീകളെയാണ് തിരഞ്ഞെടുത്തത്. നേസല്‍ സ്‌പ്രേകളായാണ് നികോട്ടിന്‍ ഡോസുകള്‍ ഇവര്‍ക്ക് നല്‍കിയത്. പെരുമാറ്റത്തെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന ലിംബിക് സിസ്റ്റത്തിന്റെ ഭാഗമായ തലച്ചോറിലെ താലമസ് ഭാഗത്താണ് നിക്കോട്ടിന്റെ പ്രവര്‍ത്തനം പ്രധാനമായും ഉണ്ടായത്. കൂടാതെ പുകവലി മൂലം ഹൃദയാഘാതം, ശ്വാസകോശ അര്‍ബുദം എന്നിവയും ഉണ്ടാവാനുള്ള സാധ്യതയും സ്ത്രീകളില്‍ കൂടുതലാണന്നാണ് നിഗമനം. കൂടാതെ പ്രത്യുല്‍പാദന സംവിധാനത്തെയും പുകവലി ശീലം പ്രതികൂലമായി ബാധിക്കുമെന്നതിലേക്കാണ് കണ്ടെത്തല്‍ വിരല്‍ചൂണ്ടുന്നത്.