കേരളം ഭരിക്കുന്ന പാര്‍ട്ടിയാ , കൊല്ലാനും മടിക്കില്ല ; വനിതാ സംരംഭകയ്ക്ക് സിഐടിയു ഭീഷണി ; കേസെടുക്കാന്‍ മടിച്ചു പോലീസ്

എറണാകുളം : വൈപ്പിനില്‍ വനിതാ ഗ്യാസ് ഏജന്‍സി ഉടമയ്ക്ക് സിഐടിയു പ്രവര്‍ത്തകരുടെ വധഭീഷണി. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തമെന്നാവശ്യപ്പെട്ടുള്ള തര്‍ക്കമാണ് ഭീഷണിക്ക് പിന്നില്‍. ഉടമയുടെ ഭര്‍ത്താവിന് പ്രതിഷേധക്കാരില്‍ നിന്ന് മര്‍ദ്ദനമേറ്റതായും പരാതിയുണ്ട്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. യൂണിയന്‍ പ്രവര്‍ത്തകര്‍ ഉടമയോട് തട്ടിക്കയറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തങ്ങളുടെ സര്‍ക്കാരാണ് ഭരിക്കുന്നതെന്നും കൊല്ലാന്‍ പോലും മടിക്കില്ലെന്നും യൂണിയന്‍ പ്രവര്‍ത്തകര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. താല്‍ക്കാലിക ജീവനക്കാരായ നാലുപേരെ സ്ഥിരപ്പെടുത്തമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. ജാതി പേരുവിളിച്ച് അധിക്ഷേപിച്ചെന്നും, ഭര്‍ത്താവിനെ മര്‍ദിച്ചെന്നുമാണ് യുവതിയുടെ പരാതി.

പ്രദേശത്ത് തന്നെയുള്ള മറ്റൊരു ഏജന്‍സിക്കാര്‍ ഇവിടത്തെ ചില മേഖലകളില്‍ സിലിണ്ടര്‍ വിതരണം ചെയ്യാന്‍ ഈ ഏജന്‍സിയെ ഏല്‍പ്പിച്ചു. ഇതിനായി നാലുതൊഴിലാളികളെ താല്‍ക്കാലികമായി നിയമിക്കുകയും ചെയ്തു. ഇവരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിന് കഴിയില്ലെന്ന് ഏജന്‍സി അറിയിച്ചു. ഇതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. സംഭവത്തില്‍ കേസെടുക്കാന്‍ ആദ്യം വിമുഖത കാണിച്ചിരുന്നെങ്കിലും വീഡിയോ പുറത്ത് വന്നതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. അതേസമയം പാര്‍ട്ടിക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉള്ളത് എന്നും ആരോപണം ഉണ്ട്.