യുഎഇയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

യുഎഇയിലെ ഫുജൈറയില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ രാമന്തളി സ്വദേശി എം.എല്‍.പി ജലീല്‍ (43), പയ്യന്നൂര്‍ പെരളം സ്വദേശി സുബൈര്‍ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. ദുബൈ റോഡില്‍ മലീഹ ഹൈവേയില്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായത്. ഫുജൈറ കേന്ദ്രീകരിച്ച് ഫാന്‍സി ആഭരണ ബിസിനസ് നടത്തുകയായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതുപോലെ ദുബൈയില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ റാഷിദിയ ബ്രിഡ്ജിന് സമീപമാണ് ദാരുണമായ അപകടമുണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസവുമുണ്ടായി.

രണ്ട് ട്രക്കുകളും നാല് ചെറു വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്. ഒരു കാറിലെ ഡ്രൈവര്‍ക്ക് ജീവന്‍ നഷ്ടമായി. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകട കാരണമായതെന്ന് പൊലീസ് അറിയിച്ചു. ഒരു ട്രക്ക് അതിന് തൊട്ട് മുന്നില്‍ പോവുകയായിരുന്ന ബസിലാണ് ആദ്യം ഇടിച്ചത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി, സിമന്റും ഇഷ്ടികയും കയറ്റിയിരുന്ന മറ്റൊരു ട്രക്കുമായും മറ്റ് നാല് വാഹനങ്ങളുമായും ഇടിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ വലിയ ഗതാഗതക്കുരുക്കുണ്ടായതായി ദുബൈ പൊലീസ് ജനറല്‍ ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ പറഞ്ഞു.