നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവം ; പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

തിരുവനന്തപുരത്ത് രാവിലെ നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി ഇതുവരെ പിടിയിലായില്ല. മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ യുവതിക്ക് എതിരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാനാണ് പോലീസ് തീരുമാനം. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കുക. അതേസമയം, പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ദേഹത്ത് കയറിപ്പിടിച്ചെന്ന് മൊഴി നല്‍കിയിട്ടും പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത് എന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. സംഭവം നടന്ന ഉടന്‍ പരാതി നല്‍കിയിട്ടും പൊലീസ് ഗൗരവമായെടുത്തില്ലെന്ന് യുവതി പറയുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്തയാണ് നഗരഹൃദയത്തില്‍ വെച്ച് യുവതി അപമാനിക്കപ്പെട്ടത്. എല്‍എംഎസ് ജംഗ്ഷനില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് പ്രതി രക്ഷപ്പെട്ടു. സംഭവം നടന്ന പുലര്‍ച്ചെ നാല് മണിക്ക് തന്നെ എയ്ഡ് പോസ്റ്റില്‍ യുവതി വിവരം അറിയിച്ചുവെങ്കിലും പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചില്ലെന്നാണ് ആക്ഷേപം. പ്രതിയുടെ വാഹനം കേന്ദ്രീകരിച്ച് അപ്പോള്‍ തന്നെ അന്വേഷണം തുടങ്ങിയെങ്കില്‍ അന്ന് തന്നെ പ്രതിയെ പിടികൂടാനാകുമായിരുന്നുവെന്നും യുവതി പറയുന്നു.

രാവിലെ എട്ടരക്ക് യുവതി മ്യൂസിയം സ്റ്റേഷനിലെത്തി പരാതി നല്‍കി. ദേഹത്ത് കടന്നുപിടിച്ച് ലൈംഗികചുവയോടെ സംസാരിച്ചുവെന്ന് മൊഴി നല്‍കിയിട്ടും പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണെന്നും യുവതി പറയുന്നു. ലൈംഗിക അതിക്രമത്തിനുള്ള ശ്രമം എന്ന കുറ്റത്തിനുള്ള 354 എ 1 ഐ എന്ന വകുപ്പാണ് എഫ്‌ഐറില്‍ ചുമത്തിയത്. പ്രതിയെ കുറിച്ച് ഒരു സൂചനയും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. മ്യൂസിയം ഭാഗത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് ഇതുവരെ പൊലീസിന് കിട്ടിയത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുവെന്ന് മാത്രമാണ് മ്യൂസിയം പൊലീസിന്റെ വിശദീകരണം.