ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇന്ത്യക്കാരടക്കം കമ്പനിയിലെ നാല് എക്‌സിക്യൂട്ടീവുമാരെ പുറത്താക്കി ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയുടെ പ്രധാനപ്പെട്ട നാല് എക്‌സിക്യൂട്ടീവുമാരെ പുറത്താക്കി പുതിയ ഉടമസ്ഥന്‍ ഇലോണ്‍ മസ്‌ക്. കമ്പനിയുടെ സിഇഒ പരാഗ് അഗര്‍വാള്‍, ലീഗല്‍ എക്‌സിക്യൂട്ടീവ് വിജയ് ഗഡ്ഡെ എന്നിവരെയടക്കമാണ് പുറത്താക്കിയത്. ”പ്രധാനപ്പെട്ട നാല് എക്‌സിക്യൂട്ടീവുമാരെ പുറത്താക്കിക്കൊണ്ട് മസ്‌ക് ട്വിറ്ററില്‍ തന്റെ ജോലികള്‍ തുടങ്ങിയിരിക്കുകയാണ്,” ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ‘കിളിയെ മോചിപ്പിച്ചു’ എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. ലോകത്തെ ഏറ്റവും സമ്പന്നനായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ പൂര്‍ത്തിയാക്കിയത് ഒക്ടോബര്‍ 27നാണ്.

ഒക്ടോബര്‍ 27ന് മസ്‌ക് സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള കമ്പനിയുടെ ആസ്ഥാനത്തെത്തി എഞ്ചിനീയര്‍മാരുമായും അഡ്വെടൈസിങ് എക്‌സിക്യൂട്ടീവുമാരുമായും ചര്‍ച്ച നടത്തി. തന്റെ ട്വിറ്റര്‍ ഡിസ്‌ക്രിപ്ഷനും മസ്‌ക് മാറ്റിയിട്ടുണ്ട്. ‘ചീഫ് ട്വിറ്റ്’ എന്നാണ് മാറ്റിയിരിക്കുന്നത്. ട്വിറ്ററിനെ അടിമുടി മാറ്റുമെന്നാണ് 51കാരനായ മസ്‌ക് ഉപയോക്താക്കളോട് വാഗ്ദാനം ചെയ്തിരിക്കുന്നത്.ട്വിറ്ററിന്റെ അല്‍ഗോരിതം ഉപഭോക്താക്കള്‍ക്ക് കുറേക്കൂടി ഉപയോഗപ്രദമാക്കുന്ന തരത്തില്‍ ആക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അത് പോലെത്തന്നെ കമ്പനിയില്‍ കൂടുതല്‍ പുറത്താക്കലുകള്‍ ഉണ്ടാവുമെന്നും സബ്‌സ്‌ക്രിപ്ഷന്‍ ബിസിനസ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏപ്രിലിലാണ് സ്ഥാപനത്തെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട മസ്‌കിന്റെ പ്രൊപ്പോസല്‍ ട്വിറ്റര്‍ അംഗീകരിച്ചത്. ഫേക്ക് അക്കൗണ്ടുകളും സ്പാം പ്രശ്‌നവും പരിഹരിക്കാന്‍ കമ്പനിക്ക് സാധിക്കുന്നില്ലെന്ന് മസ്‌കിന് പരാതി ഉണ്ടായിരുന്നു. ഇതെല്ലാം താന്‍ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പുറത്താക്കപ്പെടുന്ന സിഇഒ ആയ പരാഗ് അഗര്‍വാളിന് പുതിയ ഡീലിന്റെ ഭാഗമായി 42 മില്യണ്‍ ഡോളര്‍ (ഏകദേശം 350 കോടി)ഇലോണ്‍ മസ്‌കില്‍ നിന്നും ലഭിക്കുമെന്നാണ് വിവരം.

അടുത്ത 12 മാസത്തിനുള്ളില്‍ അഗര്‍വാള്‍ സിഇഒ സ്ഥാനത്ത് നിന്ന് മാറുകയും പുതിയ ആള്‍ മൈക്രോബ്ലോഗിങ് സൈറ്റിന്റെ തലപ്പത്തെത്തുകയും ചെയ്യുമെന്ന് ഗവേഷക സ്ഥാപനമായ ഇക്വിലര്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2022 ഏപ്രിലില്‍ തന്നെ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാറില്‍ ഇലോണ്‍ മസ്‌ക് എത്തിയിരുന്നു. എന്നാല്‍ വൈകാതെ തന്നെ പല കാരണങ്ങളാല്‍ അദ്ദേഹത്തിന് ആ കരാറില്‍ നിന്ന് പിന്തിരിയേണ്ടി വന്നു. ട്വിറ്ററിന്റെ സഹ സ്ഥാപകനായിരുന്ന ജാക്ക് ഡോര്‍സി 2021 നവംബറില്‍ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് 38കാരനായ അഗര്‍വാള്‍ കമ്പനിയുടെ സിഇഒ ആയി ചുമതലയേറ്റത്.