പാറശാലയില്‍ കാമുകി നല്കീയ പാനീയം കുടിച്ചു യുവാവ് മരിച്ച സംഭവം ; കൊലപാതകം എന്ന് ബന്ധുക്കള്‍
തിരുവനന്തപുരം പാറശ്ശാലയില്‍ കാമുകി നല്കീയ പാനീയം കുടിച്ചു യുവാവ് മരിച്ച സംഭവം കൊലപതകമാണെന്ന് ബന്ധുക്കള്‍. യുവാവിന്റെ വനിതാ സുഹൃത്ത് നല്‍കിയ പാനീയം കുടിച്ചാണ് ഷാരോണ്‍ മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. കാരക്കോണത്തെ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ഷാരോണ്‍ അവശനായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ആരോപണം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രോജക്ട് വാങ്ങാനാണ് യുവതിയുടെ വീട്ടില്‍ പോയതെന്നും വന്നപ്പോള്‍ തന്നെ ഛര്‍ദ്ദി തുടങ്ങിയെന്നും ഷാരോണിന്റെ ബന്ധു പ്രതികരിച്ചു. നീല നിറത്തിലാണ് ഷാരോണ്‍ ഛര്‍ദ്ദിച്ചത്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ യുവതിയുടെ വീട്ടില്‍ നിന്ന് വെള്ളം കുടിച്ചെന്നും അതിന് ശേഷമാണ് ഇങ്ങനെയെന്ന് ഷാരോണ്‍ പറഞ്ഞെന്നും ബന്ധുവായ യുവാവ് പ്രതികരിച്ചു.
ഇക്കഴിഞ്ഞ 25ാം തീയതിയാണ് 23കാരനായ ഷാരോണ്‍ രാജ് എന്നയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് മരിക്കുന്നത്. ബിഎസ് സി റേഡിയോളജി വിദ്യാര്‍ത്ഥിയാണ് ഷാരോണ്‍. 14നാണ് ഷാരോണ്‍ പ്രോജക്ടിന്റെ ഭാഗമായി കാരക്കോണത്ത് പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ പോയത്. അവശനായ നിലയില്‍ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഷാരോണിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു. നെയ്യൂരിലെ സ്വകാര്യ കോളേജില്‍ ബിഎസ്സി റേഡിയോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഷാരോണ്‍ രാജ്. ഇതിനിടെ കാരക്കോണം സ്വദേശിനിയുമായി ഷാരോണ്‍ രാജ് അടുപ്പത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് വീട്ടുകാര്‍ വിവാഹ ആലോചന കൊണ്ടുവന്നതോടെ ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായി.
റെക്കോര്‍ഡ് ബുക്കുകള്‍ ഉള്‍പ്പെടെ ഈ പെണ്‍കുട്ടി എഴുതി ഷാരോണ്‍ രാജിനെ സഹായിക്കുക പതിവായിരുന്നു. കഴിഞ്ഞ പതിനേഴാം തീയതി പെണ്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഷാരോണ്‍ സുഹൃത്തിനൊപ്പം പെണ്‍കുട്ടിയുടെ വീട്ടില്‍ റെക്കോര്‍ഡ് ബുക്കുകള്‍ തിരികെ വാങ്ങാന്‍ പോയിരുന്നു. ഇതിനിടെ കഷായം പോലെയൊരു ദ്രാവകവും, ഫ്രൂട്ടിയും പെണ്‍കുട്ടി ഇവര്‍ക്ക് കുടിക്കാന്‍ നല്‍കിയിരുന്നു.
ഇത് കുടിച്ചതു മുതല്‍ ഷാരോണിന് ദേഹാസ്വസ്ഥത ഉണ്ടാവുകയും തുടര്‍ന്ന് പാറശാല ജനറല്‍ ആശുപത്രിയിലും, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയതായും ബന്ധുക്കള്‍ പറഞ്ഞു. ആന്തരിക അവയവങ്ങള്‍ ഉള്‍പ്പെടെ തകരാറിലായ ഷാരോണിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം അന്ധവിശ്വാസത്തെ തുടര്‍ന്ന് ആസിഡ് കലര്‍ത്തിയ വെള്ളം നല്‍കി മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.