തനിക്ക് മയോസിറ്റിസ് രോഗം സ്ഥിരീകരിച്ചു എന്ന് വെളിപ്പെടുത്തി നടി സാമന്ത
പ്രമുഖ നടി സാമന്ത റൂത്ത് പ്രഭുവിന് മയോസിറ്റിസ് രോഗം സ്ഥിരീകരിച്ചു. ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ താരം തന്നെയാണ് തനിക്ക് മയോസിറ്റിസ് എന്ന രോഗം കണ്ടെത്തിയിട്ടുണ്ടെന്ന് അറിയിച്ചത്. കുറച്ച് മാസങ്ങളായി അതിനായി ചികിത്സയിലാണെന്നും താരം വെളിപ്പെടുത്തി. രോഗമുക്തി നേടാന്‍ കുറച്ച് സമയമെടുക്കുമെന്ന് അവര്‍ പറഞ്ഞു.”ഞാന്‍ ഉടന്‍ തന്നെ പൂര്‍ണമായി സുഖം പ്രാപിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പുണ്ട്.”- സാമന്ത പറയുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് നടി തന്റെ രോഗ വിവരം ലോകത്തിനെ അറിയിച്ചത്. ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നടി ഒരു ആശുപത്രി മുറിയില്‍ ഇരിക്കുന്ന ചിത്രമാണുള്ളത്.
സാമന്തയുടെ പോസ്റ്റ് :
”യശോധ ട്രെയിലറിനുള്ള നിങ്ങളുടെ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു. നിങ്ങള്‍ എന്നോട് കാണിക്കുന്ന ഈ സ്‌നേഹവും ബന്ധവുമാണ്, ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ എനിക്ക് ശക്തി നല്‍കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എനിക്ക് മയോസിറ്റിസ് എന്ന രോഗമുണ്ടെന്ന് കണ്ടെത്തി. രോഗം ഉടന്‍ മാറുമെന്ന് അത് നിങ്ങളുമായി പങ്കിടാനാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ രോഗമുക്തി നേടാന്‍ ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുന്നു. ഈ അവസ്ഥ അംഗീകരിക്കുക എന്നത് ഞാന്‍ ഇപ്പോഴും ബുദ്ധിമുട്ടുന്ന ഒന്നാണ്. ഞാന്‍ ഉടന്‍ തന്നെ പൂര്‍ണമായി സുഖം പ്രാപിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കുന്നു. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു… ശാരീരികമായും വൈകാരികമായും…. എനിക്ക് ഇനി ഒരു ദിവസം കൂടി താങ്ങാന്‍ കഴിയില്ലെന്ന് തോന്നുമ്പോള്‍ പോലും, എങ്ങനെയോ ആ നിമിഷം കടന്നുപോകുന്നു. സുഖം പ്രാപിക്കുന്നതിന് ഒരു ദിവസം കൂടി അടുത്തു എന്ന് മാത്രമേ അര്‍ത്ഥമാക്കൂ എന്ന് ഞാന്‍ ഊഹിക്കുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു.. ഇതും കടന്നുപോകും’
മയോസിറ്റിസ് എന്നാല്‍ ഒന്നല്ല, മറിച്ച് ഒരു കൂട്ടം അപൂര്‍വ ആരോഗ്യ അവസ്ഥകളെയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെയും പേശികളെയും ആക്രമിക്കുന്ന ഒരു അവസ്ഥയാണിത്. പേശികളില്‍ വീക്കത്തിലേക്ക് നയിക്കുന്ന ഒന്നോ അതിലധികമോ കാരണങ്ങളാല്‍ ഈ രോഗം ഉണ്ടാകാം. പേശി വേദനയും ബലഹീനതയുമാണ് പ്രധാന ലക്ഷണങ്ങള്‍, ഇത് കാലക്രമേണ വഷളാകുന്നു. നടക്കുന്നതിനിടെ കാലിടറി വീഴുകയോ, കുറച്ചുദൂരം നടക്കുമ്പോഴേക്കും നല്ല ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ക്ഷീണം, കൈകളിലെ ചര്‍മ്മം കട്ടിയാകുക, ഭക്ഷണം വിഴുങ്ങാനും ശ്വസിക്കാനും ബുദ്ധിമുട്ട്, അതുപോലെ പേശികള്‍ക്ക് വേദനയും ബലമില്ലായ്മയുമൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങള്‍ സാധാരണയായി കാലക്രമേണ വഷളാകുന്നു.ഡെര്‍മറ്റോമിയോസിറ്റിസ്, പോളിമയോസിറ്റിസ്, ഇന്‍ക്ലൂഷന്‍ ബോഡി മയോസിറ്റിസ് തുടങ്ങിയ കോശജ്വലന അവസ്ഥകള്‍ കഠിനമായ മയോസിറ്റിസിന് കാരണമാകും. ലൂപ്പസ്, സ്‌ക്ലിറോഡെര്‍മ, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയും ഈ അവസ്ഥയ്ക്ക് കാരണമാകാം. ചില മരുന്നുകള്‍, ഗുരുതരമായ ശാരീരിക പരിക്കുകള്‍ എന്നിവയ്ക്കൊപ്പം വൈറല്‍ അണുബാധകളും മയോസിറ്റിസ് പിടിപെടാന്‍ കാരണമാകും.