എഞ്ചിനില്‍ തീ ; ഡല്‍ഹി- ബെംഗളൂരു ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

ഇന്‍ഡിഗോ വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവിലേക്ക് വെള്ളിയാഴ്ച രാത്രി 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന 6E 2131 വിമാനത്തിന്റെ എന്‍ജിനുകളിലൊന്നിലാണ് തീ കണ്ടത്. ടേക്ക് ഓഫ് ഒഴിവാക്കി ഉടന്‍ വിമാനം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതിനാല്‍ വന്‍ അപകടമൊഴിവായി. റണ്‍വേയിലൂടെ ഓടിത്തുടങ്ങിയിരുന്ന വിമാനം തീപടര്‍ന്നനിലയില്‍ കുറച്ചുകൂടി നീങ്ങിയ ശേഷമാണ് നിര്‍ത്താനായത്. വിമാനത്തിനുണ്ടായിരുന്ന 177 യാത്രക്കാരും ഏഴുജീവനക്കാരും സുരക്ഷിതരാണെന്നും യാത്രക്കാര്‍ക്കായി മറ്റൊരുവിമാനം ഏര്‍പ്പെടുത്തിയെന്നും വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു.

അതേസമയം മറ്റൊരു സംഭവത്തില്‍ മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനം മസ്‌കറ്റില്‍ നിന്ന് പറന്നുയര്‍ന്ന് 45 മിനിറ്റിനു ശേഷമാണ് തിരിച്ചിറക്കിയത്. കരുനാഗപ്പള്ളി എം.എല്‍.എ സി.ആര്‍ മഹേഷും വിമാനത്തിലുണ്ട്. ഒമാന്‍ സമയം രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന IX 554 വിമാനം മണിക്കൂറുകള്‍ വൈകി വൈകുന്നേരം 3.30ഓടെയാണ് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ മസ്‌കത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 45 മിനിറ്റ് പറന്നശേഷം വിമാനത്തിന് ചില സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വിമാനം മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ അടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാരെല്ലാം ഇപ്പോഴും വിമാനത്തില്‍ തന്നെയാണുള്ളത്.
വിമാനത്തിന് ചില സാങ്കേതിക തകരാറുകളുള്ളത് പൈലറ്റിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നുവെന്നും ഈ വിമാനത്തിന് ഇനി യാത്ര തുടരാനാവില്ലെന്നുമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ തിരുവനന്തപുരത്തോ കൊച്ചിയിലോ എത്തിക്കുമെന്നും അധികൃതര്‍ പറഞ്ഞു.