ചിരിക്കുന്ന സൂര്യന്റെ ഫോട്ടോ പുറത്തു വിട്ട് നാസ

സൂര്യന്‍ ചിരിക്കുമോ…? കത്തി ജ്വലിച്ചു നില്‍ക്കുന്ന ആ പ്രകാശ ഗോളത്തിനെ പകല്‍ സമയം നഗ്‌ന നേത്രങ്ങള്‍ കൊണ്ട് ഒന്ന് നോക്കുവാന്‍ പോലും മനുഷ്യന് കഴിയില്ല. അപ്പോഴാണ് ചിരിക്കുമോ കരയുമോ എന്ന ചോദ്യം. എന്നാല്‍ നാസ ഇപ്പോള്‍ പുറത്തു വിട്ട ഒരു ചിത്രത്തില്‍ കണ്ണുകള്‍ ചെറുതാക്കി ചുണ്ടുകള്‍ വിടര്‍ത്തി മുഖം തുടുത്ത് മനുഷ്യര്‍ ചിരിക്കുന്നതുപോലെയാണ് സൂര്യന്റെ ചിരി? ഒരു സ്മൈലി പോലെ? ഈ ചിരിയുടെ അര്‍ത്ഥമെന്താണ്? നാസ പുറത്തുവിട്ട സൂര്യന്റെ ചിരി ചിത്രം ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങളാണ് കാഴ്ചക്കാരില്‍ ഉണര്‍ത്തിയത്.

നാസയുടെ സോളാര്‍ ഡൈനാമിക്സ് ഒബ്സേര്‍വറിയാണ് ചിത്രം പുറത്തുവിട്ടത്. സൂര്യന്റെ പ്രകാശമേറിയ തെളിഞ്ഞ പ്രതലത്തില്‍ അങ്ങിങ്ങായി ഇരുണ്ട പാടുകള്‍ കാണുന്നതാണ് ചിരിയായി ചിത്രത്തില്‍ തോന്നിപ്പിക്കുന്നത്. സൂര്യന്റെ പ്രതലത്തിലെ ഈ ഇരുണ്ട പ്രദേശങ്ങളെ കോറോണല്‍ ദ്വാരങ്ങളെന്നാണ് വിളിക്കുന്നത്. എക്സ് റേ, അള്‍ട്രാ വയലറ്റ് ഇമേജുകളില്‍ ഇവ കറുത്ത നിറത്തില്‍ കാണപ്പെടും. സൂര്യന്റെ പ്ലാസ്മയേക്കാള്‍ ഇത്തരം കൊറോണയില്‍ ചൂട് കുറവായിരിക്കും. വാതകത്തിന് സമാനമായ പദാര്‍ത്ഥത്തിന്റെ അവസ്ഥയെയാണ് പ്ലാസ്മ എന്ന് വിളിക്കുന്നത്. ഉയര്‍ന്ന ഊര്‍ജം കാരണം മിക്ക കണങ്ങളും അയോണീകരിക്കപ്പെടുന്നു. സൂര്യനും കാന്തികക്ഷേത്രമുണ്ട്. ചാര്‍ജുള്ള കണങ്ങളുടെ ചലനം മൂലമാണ് സൈന്‍ കാന്തികത ഉണ്ടാകുന്നത്. സൂര്യന്‍ പൂര്‍ണ്ണമായും ചാര്‍ജ് കണങ്ങളാല്‍ നിര്‍മ്മിതമാണ്. ഇതെല്ലാം കൊണ്ടാണ് സൂര്യന് ചില ഇരുണ്ട ഭാഗങ്ങളുമുണ്ടാകുന്നതെന്ന് നാസ വിശദീകരിക്കുന്നു.