കേരളത്തില്‍ ഉള്ളിക്ക് തീ വില ; തക്കാളിക്ക് തറവില

കേരളത്തില്‍ ഉള്ളി വില കുതിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ ഉള്ളിവില പലതവണ ആയി ഉയര്‍ന്നു. ഒരു കിലോ ഉള്ളിയുടെ വില 40 രൂപ വരെയാണ്. അതേസമയം തക്കാളിയുടെ വില കുറഞ്ഞിട്ടുണ്ട്. ഉള്ളിയുടെ ലഭ്യത കുറവാണു വില ഉയരാന്‍ കാരണമാകുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഏകദേശം 60 മുതല്‍ 80 ശതമാനം വരെ വില വര്‍ധിച്ചു. ഈ മാസം ആദ്യം 23 രൂപ മുതല്‍ 30 രൂപ വരെയായിരുന്നു ഉള്ളിയുടെ വില. എന്നാല്‍ നാല് ആഴ്ചകൊണ്ട് സംസ്ഥാനത്ത് ഉള്ളിവില ഇരട്ടിയാകുകയാണ്. അതേസമയം ഈ മാസം ആദ്യം തക്കാളിയുടെ വില 40 മുതല്‍ 60 വരെയായിരുന്നു ഇത് ഒറ്റയടിക്ക് കുറയുകയാണ്.

ഉള്ളിയുടെ ലഭ്യത കുറവ് വിപണിയില്‍ ഉള്ളിവിലയെ റോക്കറ്റ് വേഗത്തിലാണ് ഉയര്‍ത്തുന്നത്. നവംബര്‍ ആദ്യവാരത്തോടെ പുതിയ വിളകള്‍ വിപണിയിലെത്തുന്നതുവരെ വിലക്കയറ്റം തുടര്‍ന്നേക്കാം.വരും ദിവസങ്ങളില്‍ ഉള്ളി വില 50 രൂപ കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉള്ളിയുടെ പഴയ സ്റ്റോക്കുകള്‍ ആണ് നിലവില്‍ വിപണിയില്‍ ഉള്ളത്. ഇത് തീര്‍ന്നുകൊണ്ടിരിക്കുകയാണ്. റാബി ഇനം ഉള്ളി വിപണിയില്‍ എത്തുന്നതോടെ വിപണിയില്‍ വില കുറയുമെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നു. മൊത്തം ഉള്ളി ഉല്‍പാദനത്തിന്റെ 70 ശതമാനവും റാബി ഉള്ളിയാണ്. ഖാരിഫ് ഇനത്തിലുള്ള ഉള്ളി ഉത്പാദനത്തില്‍ കുറവാണെങ്കിലും സെപ്തംബര്‍-നവംബര്‍ മാസങ്ങളിലെ ക്ഷാമ സമയങ്ങളില്‍ വിപണിയിലെ ലഭ്യത കുറവ് പരിഹരിക്കാറുണ്ട്. നിലവില്‍ ബീറ്റ്റൂട്ട്, കാരറ്റ്, മുരിങ്ങ എന്നിവയുടെ വില കുതിച്ചുയര്‍ന്നിട്ടുണ്ട്.